ലണ്ടന്‍ : ഇറാഖിലും സിറിയയിലും ഐ എസില്‍ ചേര്‍ന്ന് ജിഹാദില്‍ പങ്കെടുക്കാന്‍ പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ രാജ്യത്ത് കയറ്റില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഒരു എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാടുവിട്ട തീവ്രവാദികള്‍ക്ക് ഇനി തിരികെ നാട്ടിലേക്ക് പ്രവേശിക്കാന്‍ വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
500 പേരെങ്കിലും ബ്രിട്ടനില്‍ നിന്ന് ഐ.എസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് കണക്കുകള്‍. തീവ്രവാദികളായി പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 69 പേര്‍ യുകെയില്‍ നിന്നുള്ളവരാണ്. ബോര്‍ഡര്‍ സേനയ്ക്ക് നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും തിരികെ അയക്കുകയും ചെയ്യാനാണ് തീരുമാനം. നേരത്തെ ഇത്തരക്കാര്‍ക്ക് തിരികെ വരുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. വിദേശ പൗരന്മാര്‍ക്ക് മാത്രമെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുള്ളൂ. ബ്രിട്ടനില്‍ ഭീകരവിരുദ്ധ നടപടികള്‍ കൈക്കൊള്ളാന്‍ കൂടുതല്‍ അധികാരം നല്‍കണമെന്ന് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് മേധാവി സര്‍ ബര്‍ണാഡ് ഹോഗാന്‍ ഹോവെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
താല്ക്കാലിക അധികാരം ഉപയോഗിച്ച് ബോര്‍ഡര്‍ സേന ബ്രിട്ടനില്‍ നിന്ന് പോയ തീവ്രവാദികളെ തിരിച്ചയക്കുന്നത് എത്രമാത്രം വിജയം കാണും എന്നതാണ് സംശയകരം. ഇത്തരക്കാരെ രാജ്യത്ത് പ്രവേശിപ്പിച്ചില്ലെങ്കില്‍ അതൊരു ആഗോള പ്രശ്നമായി മാറും. കാരണം രാജ്യം ഇല്ലാത്തവരായി ഇവര്‍ തുടരുന്നത് കടുത്ത ഭീഷണിയാണ്. ഇതു സംബന്ധിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്. ഇവരെ രാജ്യത്ത് എത്തിച്ചു ശിക്ഷയ്ക്ക് വിധേയരാക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആണ് ഇവരുടേത്. അടുത്തിടെ അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്റെ തലയറുത്ത തീവ്രവാദി ബ്രിട്ടനില്‍ നിന്നുള്ള ആളാണെന്ന് വ്യക്തമായിരുന്നു.