ഇമിഗ്രേഷന്‍

ബ്രിട്ടനില്‍ മലയാളി കുടിയേറ്റം കൂടുന്നു; കൂടുതല്‍ പ്രവാസികള്‍ യുഎഇയില്‍

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി തേടിപ്പോയിരിക്കുന്നത് യുഎഇയില്‍. ബ്രിട്ടനില്‍ മലയാളി കുടിയേറ്റം സമീപകാലത്ത് കൂടി. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റല്‍ സ്റ്റഡീസിലെ (സിഡിഎസ്) കെ.സി. സക്കറിയ, എസ്. ഇരുദയ രാജന്‍ എന്നിവര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലാണ് -1,07,503 പേര്‍. ഇടുക്കി ജില്ലയിലെ പീരുമേടാണ് പ്രവാസികളുടെ എണ്ണത്തില്‍ പിന്നില്‍.


തിരൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലാണ് പ്രവാസികള്‍ കൂടുതല്‍. 1,04,863 പേര്‍. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, തിരുവനന്തപുരം, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നിവയാണ് പ്രവാസികള്‍ കൂടുതലുള്ള മറ്റ് താലൂക്കുകള്‍. പീരുമേട് താലൂക്കില്‍ 2199 പ്രവാസികളേയുള്ളൂ. ചിറ്റൂര്‍, ചേര്‍ത്തല, ആലുവ, ദേവികുളം, തൊടുപുഴ, സുല്‍ത്താന്‍ബത്തേരി, വൈക്കം, ഉടുമ്പന്‍ചോല, കുട്ടനാട് എന്നിവയാണ് പ്രവാസികള്‍ കുറഞ്ഞ താലൂക്കുകള്‍.
പ്രവാസി മലയാളികളില്‍ 38.7 ശതമാനം പേരും യു.എ.ഇയിലാണ്. യു.എ.ഇ -886968 പേര്‍, സൗദി അറേബ്യ -514976, ഒമാന്‍ -185996, കുവൈത്ത് -180765, ബഹ്റൈന്‍ -146472, ഖത്തര്‍ -104623, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ -13368 എന്നിങ്ങനെയാണ് മലയാളികള്‍. ഇതില്‍ യുഎഇ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, എന്നിവിടങ്ങളില്‍ പ്രവാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സൗദിയിലും ഖത്തറിലും കുറഞ്ഞു. ഗള്‍ഫ് കഴിഞ്ഞാല്‍ കൂടുതല്‍ പ്രവാസികളുള്ള അമേരിക്കയില്‍ മലയാളികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍, ബ്രിട്ടനില്‍ കുടിയേറ്റം വര്‍ധിക്കുകയാണ്.

സംസ്ഥാനത്തെ പ്രവാസികളുടെ എണ്ണം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ 23.6 ലക്ഷം മലയാളികളാണ് പ്രവാസികള്‍. 2011ലെ സര്‍വേയില്‍ 22.8 ലക്ഷം പേരായിരുന്നു. 2011ലെ റിപ്പോര്‍ട്ടില്‍ പ്രവാസികളാകുന്ന മലയാളികളുടെ എണ്ണം കുറയുമെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍, കൂടിയതായി പുതിയ പഠനത്തില്‍ കണ്ടത്തെി. മുന്‍ സര്‍വേയില്‍ 2015 ഓടെ വര്‍ധന പൂജ്യമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. 83000 പേരുടെ വര്‍ധനയാണ് വന്നത്. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലവസര സാഹചര്യത്തില്‍ കാര്യമായ മാറ്റം ഇപ്പോഴും വന്നിട്ടില്ല. വിദേശ ജോലിചെയ്യുന്നത് ഗ്ളാമറായി യുവാക്കള്‍ കാണുന്നു.

സംസ്ഥാനത്ത് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയത്തെിയത് മലപ്പുറം ജില്ലയിലാണ്. അവിടെ 100ല്‍ 34 വീടുകളില്‍ മടങ്ങിവന്ന പ്രവാസിയുണ്ട്. തൊട്ടുപിന്നില്‍ കാസര്‍കോടും അതിനുശേഷം തിരുവനന്തപുരവുമാണ്. 2011-14 കാലയളവില്‍ മടങ്ങിയത്തെിയവരുടെ എണ്ണം മലപ്പുറത്ത് ഗണ്യമായി വര്‍ധിച്ചു. 2011ല്‍ 19.4 ശതമാനമായിരുന്നത് 2014ല്‍ 34 ശതമാനമായി വര്‍ധിച്ചു. സൗദിയില്‍ നിന്നുള്ള മടക്കമാണ് ഇതിന് പ്രധാന കാരണം.
സംസ്ഥാനത്തെ ആകെയുള്ള 3.6 ദശലക്ഷം പ്രവാസികളില്‍ 20.4 ശതമാനം പേരും മലപ്പുറം ജില്ലക്കാരാണ്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. 13.3 ശതമാനം. കേരളത്തിലെ 100 വീടുകളില്‍ ശരാശരി 43.8 വീടുകള്‍ പ്രവാസികളുള്ളവരാണ്. എന്നാല്‍, മലപ്പുറത്ത് 100 വീടുകളില്‍ 86.3 ശതമാനമുണ്ട്. ഇടുക്കിയില്‍ ഇത് 9.6 ശതമാനമാണ്.

2011-14 കാലഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലക്കാരാണ് വിദേശത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത്. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്ന് കുറയുകയും ചെയ്തു. കേരളത്തിലെ പ്രവാസി കുടുംബങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. 2011ല്‍ 18.2 കുടുംബങ്ങളില്‍ ഒരു പ്രവാസിയെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍, 2014ല്‍ അത് 19 ശതമാനമായെന്നും പഠനം പറയുന്നു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions