ലണ്ടന്‍: ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാം. ബ്രിട്ടനും അയര്‍ലണ്ടും സംയുക്ത വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറിഷ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡും ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക വിസ കൂടാതെ അയര്‍ലണ്ട് സന്ദര്‍ശിക്കാനും തിരിച്ച് അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാനും ഇനി ഒരു വിസ മതിയാകും. ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഒക്‌ടോബര്‍ അവസാനം മുതല്‍ സംയുക്ത വിസയില്‍ യാത്ര ചെയ്യാം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സംയുക്ത വിസയുടെ യാത്രാ ഇളവ് ലഭിക്കാന്‍ ഡിംസബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉള്ളവരുടെ കാര്യമേ ഇപ്പോള്‍ പറയുന്നുള്ളു.
വിവാഹ ആവശ്യത്തിനും, ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവരും ഒഴികെ ബ്രിട്ടനിലെത്തുന്ന ബാക്കിയെല്ലാവര്‍ക്കും സംയുക്ത വിസയില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും. അതേസമയം അയര്‍ലണ്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പോകുന്നവരില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍, ബിസിനസ് വിസയുള്ളവര്‍, കോണ്‍ഫ്രണ്‍സ്, ഇവന്റ് തുങ്ങിയ വിസകളുള്ളവര്‍ക്കും സംയുക്ത വിസ പ്രകാരം ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും.
എന്നാല്‍ വര്‍ക്ക് വിസയിലും സ്റ്റുഡന്റ് വിസയിലുമുള്ളവര്‍ക്ക് സംയുക്ത വിസയുടെ ഇളവ് ലഭിക്കില്ല.