ലണ്ടന്‍ : സ്റ്റുഡന്റ്‌സ് വിസയിലെത്തി കോഴ്സ് കഴിഞ്ഞ് യുകെയില്‍ തന്നെ ഒരു ജോലി തേടുന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പാരയുമായി ഹോം ഓഫീസ്. നിലവിലുള്ള രീതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞാലുടന്‍ ജോലി ചെയ്യാന്‍ നില്ക്കാതെ നാട്ടിലേയ്ക്ക് വിമാനം കയറണം എന്നാണു ഹോം സെക്രട്ടറി തെരേസ മേ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ ബിരുദ കോഴ്സ് കഴിഞ്ഞ് നാലുമാസം യുകെയില്‍ തങ്ങാമായിരുന്നു. ഇതിനിടെ ജോലി കണ്ടെത്താനും കഴിഞ്ഞിരുന്നു. ഇത് തടയിടാനാണ് തെരേസ മേ ഇത്തരമൊരു ആശയം കൊണ്ടുവന്നത്.
ഇത് പ്രകാരം സ്റ്റുഡന്റ്‌സ് വിസയിലെത്തിയവര്‍ ജോബ് വിസയിലേക്ക് മാറാന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോയി വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ തേടണം. വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി യുകെ വര്‍ക്ക് വിസ നേടി വേണം തിരികെ യുകെയില്‍ ജോലിയ്‌ക്കെത്താനെന്നും ഹോം സെക്രട്ടറി പറയുന്നു. യുകെയില്‍ നിന്ന് തന്നെ വര്‍ക്ക് വിസ നേടുന്നവരുടെ എണ്ണം കൂടിവരികയാണ്. യൂണിവേഴ്‌സിറ്റികളിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം കഴിഞ്ഞാല്‍ പെട്ടെന്ന് ജോലിയ്ക്ക് കയറുന്നുണ്ട്. ഇതിനു തടയിടാനാണ് നീക്കം.
യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത എല്ലാ വിദ്യാര്‍ത്ഥികളും പ്രത്യേകം നാട്ടിലെത്തി യുകെ ജോബ് വിസയെടുത്താണ് തിരികെയെത്തേണ്ടത്. സ്റ്റുഡന്റ്‌സ് വിസ കാലവധി അവസാനിക്കുമ്പോള്‍ കുടിയേറിയവര്‍ രാജ്യത്ത് നിന്ന് പുറത്തുപോയിരിക്കണം. ഇത്തരം വിദ്യാര്‍ത്ഥികള്‍ നേരിട്ട് ജോബ് വിസ നേടിയാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഴ അടപ്പിക്കാനും ഹോംഓഫീസ് തീരുമാനിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റികളും സ്‌പോണ്‍സര്‍മാരും വിദേശ വിദ്യാര്‍ത്ഥികള്‍ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നത് ഉറപ്പുവരുത്തണം. യൂണിവേഴ്‌സിറ്റി അധികൃതരുടെ ഉത്തരവാദിത്വമാണിത്. വീഴ്ച വന്നാല്‍ പിഴയീടാക്കാനാണ് ഹോം ഓഫീസ് ആലോചിക്കുന്നത്. വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നും തെരേസ മേ പറഞ്ഞു.
ഈ നിര്‍ദ്ദേശം കണ്‍സര്‍വെട്ടീവ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. എന്നാല്‍ ലേബര്‍ പാര്‍ട്ടി ഇതിനോട് യോജിക്കുന്നില്ല. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് മൂലം ദശലക്ഷക്കണക്കിന് നിക്ഷേപം യുകെയിലെയ്ക്ക് വരന്നു എന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിനു മുന്നേ തദ്ദേശിയരെ കൈയിലെടുക്കാനുള്ള തന്ത്രമായാണ് എതിരാളികള്‍ കാണുന്നത്.
കുടിയേറ്റ നിയന്ത്രണനയം മൂലം 29 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞവര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. കുടിയേറ്റ നിയന്ത്രണം നടപ്പാക്കി വേണം അടുത്ത തെരഞ്ഞെടുപ്പിന് കാമറൂണിനും കൂട്ടര്‍ക്കും ജനങ്ങളെ നേരിടാന്‍. പുതിയ നിബന്ധന കര്‍ശനമായാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും കുറയും.