ദുബായ്: 2001 ന് മുമ്പു ഇന്ത്യയില്‍ വിതരണം ചെയ്ത പാസ്‌പോര്‍ട്ടുകള്‍ പുതുക്കണം എന്ന് വിദേശകാര്യ മന്ത്രാലയം. കമ്പ്യൂട്ടറില്‍ വായിക്കാന്‍ കഴിയാത്ത പഴയ പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 25 മുതല്‍ പരിഗണിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇന്ത്യയില്‍ വിതരണം ചെയ്ത ആറ് കോടി പാസ്‌പോര്‍ട്ടുകളില്‍ 2.86 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ കൈകൊണ്ട് എഴുതിയതാണ്.
വിദേശരാജ്യങ്ങളില്‍ ഇത്തരം പാസ്‌പോര്‍ട്ടുകാര്‍ക്ക് വിസയോ പ്രവേശനമോ കിട്ടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യയില്‍ 2001 മുതലാണ് മെഷീന്‍ റീഡബില്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുതുടങ്ങിയത്. അതിന് മുമ്പ് കൈകൊണ്ട് എഴുതിത്തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകളായിരുന്നു. മിക്ക വിദേശരാജ്യങ്ങളും ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ 1995 മുതല്‍ ഇരുപത് വര്‍ഷത്തെ കാലാവധിയുമായി നല്‍കിയ പാസ്‌പോര്‍ട്ടുകള്‍ക്കായിരിക്കും പുതിയ വ്യവസ്ഥ ബാധകമാവുന്നത്. കൈകൊണ്ട് എഴുതിയതും ഫോട്ടോകള്‍ ഒട്ടിച്ചതുമായ പാസ്‌പോര്‍ട്ടുകള്‍ ഈ ഗണത്തില്‍ പെടും. നവംബര്‍ 24-ന് ശേഷവും കാലാവധിയുള്ള ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ പുതുക്കിഎടുക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്നും വിദേശകാര്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ആറ് മാസത്തെ കാലാവധിയെങ്കിലും ഉള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ വിദേശയാത്ര നടത്താനോ വിസ കിട്ടാനോ അവസരമുള്ളൂ എന്നതിനാല്‍ ഇത്തരം പാസ്‌പോര്‍ട്ടുകളും പുതുക്കാന്‍ പൗരന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഓര്‍മിപ്പിക്കുന്നു. കുട്ടികള്‍ക്ക് അഞ്ച് വര്‍ഷവും മുതിര്‍ന്നവര്‍ക്ക് പത്ത് വര്‍ഷവുമാണ് ഇപ്പോഴത്തെ പാസ്‌പോര്‍ട്ടുകളുടെ കാലാവധി. ഇത് തീരാന്‍ ഒരു വര്‍ഷം ഉള്ളപ്പോള്‍ തന്നെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതാണ് ഉചിതം.
വിസ സ്റ്റാമ്പ് ചെയ്യാന്‍ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് എങ്കിലും ബാക്കിയുണ്ടാവണം. ഇത് ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ചില രാജ്യങ്ങള്‍ അംഗീകരിക്കാറില്ല. ഇത്തരം പാസ്‌പോര്‍ട്ട് ഉടമകളും പുതിയത് നേടണം. സ്ഥിരം യാത്രചെയ്യുന്നവര്‍ 64 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.