തിരുവനന്തപുരം: നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്ന് ഒരുക്കുന്ന ആഗോള പ്രവാസി കേരളീയസംഗമം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഗമം നടക്കുന്നത്. സംഗമത്തില്‍ ആയിരത്തോളം പ്രവാസി മലയാളികള്‍ പങ്കെടുക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവും തൊഴില്‍ലഭ്യതയും സംഗമം ചര്‍ച്ച ചെയ്യും. പ്രവാസി നയ രൂപവത്കരണത്തിനും സാമ്പത്തികവളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വിശകലനം ചെയ്യുന്നതിനുമാണ് സംഗമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ, യു.എസ്.എ, കാനഡ, ജര്‍മനി, ഫ്രാന്‍സ്, കെനിയ, ലിബിയ, സിങ്കപ്പൂര്‍, തായലന്‍ഡ് തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി 450 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. globalnrkmeet.com എന്ന വെബ്‌സൈറ്റ് വഴി ഇനിയും രജിസ്റ്റര്‍ ചെയ്യാം.
വെള്ളിയാഴ്ച രാവിലെ 10 ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.വി. തോമസ് എം.പി, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുക്കും.
17 ന് 2.30 ന് സമാപന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മന്ത്രി കെ. ബാബു, കെ.സി. ജോസഫ്, എം.പി. മാരായ ആന്റോ ആന്റണി, ഇന്നസെന്റ്, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ, ആസാദ് മൂപ്പന്‍ എന്നിവരും പങ്കെടുക്കും.