ലണ്ടന്‍ : കുടിയേറ്റ വ്യാപനത്തിന് ഏഷ്യക്കാരെ പഴിപറയുന്ന ശീലം യുകെയിലെ മാധ്യമങ്ങള്‍ക്കും കുടിയേറ്റ വിരുദ്ധര്‍ക്കും അവസാനിപ്പിക്കാം. കാരണം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അനിയന്ത്രിതമായ കുത്തൊഴുക്കാണ് രാജ്യത്തെ ഇപ്പോള്‍ വീര്‍പ്പു മുട്ടിക്കുന്നത്. ജോലിയും ബെനഫിറ്റും മികച്ച വേതനവും കണ്ടു യൂറോപ്യന്‍മാര്‍ തദ്ദേശിയാരെ വെല്ലുവിളിച്ചു ഇവിടെയ്ക്ക് പ്രവഹിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇതിനോടകം 20 ലക്ഷം പേര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നുണ്ട്. റൊമാനിയയില്‍ നിന്നും ബള്‍ഗേറിയയില്‍ നിന്നുമായി രണ്ടു ലക്ഷം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇരുരാജ്യങ്ങളില്‍ നിന്നുമായി വര്‍ഷം തോറും 50000 പേര്‍ യുകെയില്‍ ജോലി തേടി എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം വര്‍ദ്ധനയുണ്ടായി. 2014ലെ അവസാന മുന്ന് മാസങ്ങളിലെ കണക്ക് പ്രകാരം 172000 പേര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നു. തൊട്ടുമുമ്പ് ഈ കാലയളവില്‍ 22000 പേരാണ് അധികമായി ബ്രിട്ടനിലെത്തിയതെന്നു നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുമെന്നും ബെനഫിറ്റ് വെട്ടിക്കുറയ്ക്കുമെന്നും ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി തൊഴില്‍ ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടും ഫലമുണ്ടായിട്ടില്ല.
സ്വതന്ത്ര സഞ്ചാരത്തിന് വഴിവച്ചതോടെ ബ്രിട്ടനിലെക്ക് യൂറോപ്പില്‍ നിന്ന് വ്യാപക കുടിയേറ്റമാണ് നടക്കുന്നത്. ജോലിതേടി കൂടുതല്‍ പേര്‍ എത്തുന്നത് തദ്ദേശിയരുടെ കോപത്തിന് കാരണമായിട്ടുണ്ട്. ഇത് കാമറൂണ്‍ സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്.