വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ എച്ച്-1 ബി വിസ (തൊഴില്‍ വിസ)യില്‍ വന്നു ഗ്രീന്‍ കാര്‍ഡിനു അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ പങ്കാളി (ഭാര്യ/ഭര്‍ത്താവ്) യ്ക്ക് ജോലി ചെയ്യാന്‍ അനുമതി. പുതിയ ഉത്തരവ് പ്രകാരം, ഗ്രീന്‍ കാര്‍ഡ് അപേക്ഷയില്‍ രണ്ടാംഘട്ടമായ ഐ.140 അംഗീകരിച്ചവരുടെയും ആറു വര്‍ഷത്തിനു ശേഷവും എച്ച്-1ബി വിസയില്‍ തുടരാന്‍ അനുമതി ലഭിച്ചവരുടെയും പങ്കാളിക്കാണ് ജോലി ചെയ്യാന്‍ അനുമതി ലഭിക്കുക. മേയ് 26 മുതല്‍ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇമ്മിഗ്രേഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരിയില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇതു സംബന്ധിച്ച് ഉറപ്പുകള്‍ നല്‍കിയിരുന്നു.
ഒരിക്കല്‍ ഫോം ഐ-175 ഉം എച്ച്-4 വിസയിലോ ഉള്ളവരുടെ എംപ്ലോയിമെന്റ് ഓതറൈസേഷന്‍ കാര്‍ഡ് യു.എസ്.സി.ഐ.എസ് അംഗീകരിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് യു.എസില്‍ തുടര്‍ന്നു ജോലി ചെയ്യാം. ആദ്യ വര്‍ഷം 179,600 അപേക്ഷകള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 55,000 അപേക്ഷകരെ പ്രതീക്ഷിക്കാം. അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഉത്തരവ്.