ലണ്ടന്‍: ബെഡ് റൂമില്‍ പതിവായി ലൈറ്റിട്ടു കിടക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍. അതുകൊണ്ട് ബെഡ് റൂമില്‍ ഇരുട്ടാണ് ഉത്തമം. കൂടാതെ രാത്രിയില്‍ ഉറക്കമിളച്ചുള്ള മൊബൈല്‍, കമ്പ്യൂട്ടര്‍ കലാപരിപാടികളും ശരീരത്തിന് ദോഷമാണ്. അവയുടെ മങ്ങിയ വെട്ടം ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ ഉറങ്ങാനുള്ള സമയം കണ്ണടച്ച് ഉറങ്ങുന്നതിനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ഉത്തമം.
ലൈറ്റിട്ടു കിടക്കുന്നതും ഇരുട്ടത്തുള്ള മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗവും ശരീരത്തിന്റെ താളം തെറ്റിച്ച് ക്യാന്‍സര്‍ , പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളിലെയ്ക്ക് ശരീരത്തെ കൊണ്ടുചെന്ന് എത്തിക്കും എന്നാണു കണക്ടികട്ട് യൂണിവേഴ്സിറ്റിയിലെ ബ്രീസ്റ്റ് ക്യാന്‍സര്‍ റിസര്‍ച്ചര്‍ ആയ ഡോ. റിച്ചാഡ് സ്റ്റീവന്‍ പറയുന്നത്. ഇരുട്ടിനെ സ്നേഹിക്കൂ ശരീരത്തെ രക്ഷിക്കൂ എന്നാണിവരുടെ ആഹ്വാനം. നമ്മുടെ ബോഡി ക്ലോക്കിന് മാറ്റം വരുത്തുന്ന ലൈറ്റുകള്‍ ശരീരത്തിന്റെ അവസ്ഥയില്‍ മാറ്റം ഉണ്ടാക്കി ക്യാന്‍സര്‍ , പ്രമേഹം, വിഷാദം, പൊണ്ണത്തടി എന്നിവയ്ക്ക് വഴിയോരുക്കാം. ലൈറ്റ് ഡിമ്മാക്കിയാല്‍ തലച്ചോറും ശരീരവും ഉറക്കത്തിനു തയാറാവും. ടാബ്ലറ്റ് , കമ്പ്യൂട്ടര്‍, മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെ നീലവെളിച്ചം ശരീരത്തിന് ദോഷകരമാണ്. കുട്ടികള്‍ക്കും പരിധിയില്ലാത്ത വെളിച്ചം ഉറങ്ങുമ്പോള്‍ വേണ്ട എന്നാണു വിദഗ്ധാഭിപ്രായം.
നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായ സ്ത്രീകളില്‍ ബ്രീസ്റ്റ് ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നതിന്റെ കാരണവും ഇതാണ് എന്ന് ഡോ. സ്റ്റീവന്‍ പറയുന്നു. പ്രകാശ പൂരിതമായ രാത്രിയിലെ തെരുവിളക്കുകളും വീടിനുചുറ്റുമുള്ള പ്രഭാവലയവും മനുഷ്യ ശരീരത്തിന്റെ താളം നഷ്ടപ്പെടുത്തും എന്ന് പഠനം പറയുന്നു. 'വെളിച്ചം 'ദുഃഖം ആണുണ്ണീ, തമസല്ലോ സുഖ പ്രദം' എന്ന് ഭാരതീയര്‍ പറയുന്നത് അന്വര്‍ത്ഥം ആകുകയാണ് ഇവിടെ.