ലോകത്തെ മികച്ച പാസ്‌പോര്‍ട്ട് സ്വീഡന്റെ, യുകെ നാലാമത്, ഇന്ത്യയുടെ സ്ഥാനം 48
ലണ്ടന്‍ : ലോകത്തെ ശക്തവും മികച്ചതുമായ 50 പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സ്വീഡന്‍ ഒന്നാമത്. 174 രാജ്യങ്ങളില്‍ വീസ ഫ്രീ പ്രവേശനമുള്ള സ്വീഡിഷ് പാസ്‌പോര്‍ട്ടിന് 43 യുഎസ് ഡോളറാണു ചെലവ്. ഒറ്റ മണിക്കൂറുകൊണ്ട് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടുകയും ചെയ്യും. എങ്കിലും കരിഞ്ചന്തയിലൂടെ എളുപ്പം നേടാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടും ഇതാണ്. ജര്‍മനിയിലെ ഗോ യൂറോ എന്ന യാത്രാ താരതമ്യ വെബ്‌സൈറ്റാണ് ലോകത്തിലെ ഏറ്റവും മികച്ച 50 പാസ്‌പോര്‍ട്ടുകളുടെ പട്ടിക തയാറാക്കിയിരുന്നത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 48-ാം സ്ഥാനം മാത്രമാണുള്ളത്.
അപേക്ഷിക്കാനുള്ള ചെലവ്, അനുവദിച്ചുകിട്ടാനെടുക്കുന്ന സമയം, ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളില്‍ വീസയില്ലാതെ പ്രവേശിക്കാം ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് റാങ്ക് നിര്‍ണയിച്ചത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് 52 രാജ്യങ്ങളില്‍ 'വീസ ഫ്രീ' പ്രവേശനമുണ്ട്. അപേക്ഷിക്കാനുള്ള ചെലവ് 24 യുഎസ് ഡോളറും (ഏകദേശം 1500 രൂപ). പാസ്‌പോര്‍ട്ട് അനുവദിച്ചുകിട്ടാനുള്ള പ്രവൃത്തിസമയം 87 മണിക്കൂറുമാണ്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ നാലാം സ്ഥാനമേയുള്ളൂ. ഫിന്‍ലന്റ്, ജര്‍മനി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാക്കിസ്ഥാനാകട്ടെ 50 രാജ്യങ്ങളുടെ പട്ടികയില്‍പ്പോലും ഉള്‍പ്പെട്ടിട്ടില്ല.
ലോകത്തിലെ ശക്തമായ യാത്രാരേഖകളില്‍ ഒന്ന് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണെങ്കിലും ഇതിന് വേണ്ടി വരുന്ന ചെലവും ഉയര്‍ന്നതാണ്. യുകെ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള ഫീസ് 73 പൗണ്ടാണ്. ഇതിനായി മിനിമം വേതനം ലഭിക്കുന്ന ഒരു തൊഴിലാളി 11 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു. 51 രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിനുള്ള ചെലവിന്റെ കാര്യത്തില്‍ യുകെയ്ക്ക് 11ാം സ്ഥാനമാണുള്ളത്.