ലണ്ടന്‍ : കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ തന്ത്രമായി ഇരുതല മൂര്‍ച്ചയുള്ള വിസ ലെവി കൊണ്ടുവരുന്നു. കുടിയേറ്റക്കാരെ തടഞ്ഞു തദ്ദേശിയരെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന വിസ ലെവി കൊണ്ടുവരാനാണ് കാമറൂണ്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രിട്ടനിലുള്ള യുവജനങ്ങള്‍ക്ക് പകരം വിദേശത്ത് നിന്നുമുള്ള ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ പുതിയ വിസ ലെവി ഏര്‍പ്പെടുത്താനാണ് ഹോംസെക്രട്ടറി തെരേസ മേ പദ്ധതിയിടുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ബ്രിട്ടനിലെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളുടെ അപ്രന്റിസ്ഷിപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ലക്‌ഷ്യം.
ഇതോടെ താരതമ്യേന ചെറിയ പ്രതിഫലം കൊടുത്ത് വിദേശത്ത് നിന്നും യുവാക്കളെ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ സ്വാഭാവികമായി യുകെ പൗരന്‍മാരെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവും. കുടിയേററം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ രാജ്ഞിയുടെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ വിസ ലെവിയും നടപ്പിലാക്കുന്നത്. വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതും അവരെ ജോലി ചെയ്യിക്കുന്നതും തടയാനുള്ള പോലീസിന്റെ അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ശമ്പളം പിടിച്ചെടുക്കാനുള്ള അധികാരം വരെ പോലീസിനുണ്ടാവും.
അനധികൃത തൊഴിലാളികളെ കണ്‌ടെത്താന്‍ ഡേറ്റാബേസുകള്‍ പരിശോധിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നാടുകടത്തല്‍ പ്രതീക്ഷിച്ചു കഴിയുന്ന വിദേശികളായ ക്രിമിനലുകള്‍ നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപയോഗിക്കുകയാണ് മറ്റൊരു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജോലിയന്വേഷിച്ച് ബ്രിട്ടനിലെത്തിയവരുട എണ്ണം 284,000 ആണ്. 2013ലേതിനേക്കാള്‍ 70,000 കൂടുതല്‍. കുടിയേറ്റം കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടികള്‍ വരുന്നത്.