ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
ന്യൂഡല്‍ഹി: വിസ രേഖകളില്‍ കൃത്രിമം കാണിച്ചതിന്‍െറ പേരില്‍ അമേരിക്ക വിടേണ്ടിവന്ന മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സലര്‍ ദേവയാനി കോബ്രഗഡെയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷത്തോളം ജോലിയില്ലാതെ പുറത്തിയിരുത്തിയ ശേഷമാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ വിദേശകാര്യ മന്ത്രാലയം ജോലിയില്‍ തിരികെയെടുത്തത്. അതേസമയം, വിസ രേഖകളില്‍ കൃത്രിമം കാണിച്ച കേസില്‍ യു.എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാല്‍ ദേവയാനിക്ക് വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ജോലിയില്‍ നിയോഗിക്കാനോ ആവില്ല. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും കരാറുളളതാണ് കാരണം.
വേലക്കാരിക്ക് യു.എസ് വിസ ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്നാണ് ഈ നയതന്ത്ര ഉദ്യോഗസ്ഥക്കെതിരായ കേസ്. ഈ കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ ദേവയാനിയെ യു.എസ് സുരക്ഷ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയത് വിവാദമായിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തെ വരെ ഈ സംഭവം ബാധിച്ചിരുന്നു. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ദേവയാനിയെ ഇന്ത്യയിലേക്ക് മടങ്ങാന്‍ അമേരിക്ക അനുവദിച്ചു. തുടര്‍ന്ന് ഇന്ത്യയില്‍ വന്ന ദേവയാനിയെ വിദേശകാര്യ മന്ത്രാലയം തിരികെ ജോലിയിലെടുക്കാതെ പുറത്തു നിര്‍ത്തുകയായരുന്നു.
ഇപ്പോള്‍ അമേരിക്കയിലുള്ള ഇവരുടെ രണ്ട് പെണ്‍മക്കള്‍ ഒരേ സമയം അമേരിക്കന്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച കേസില്‍ ഇന്ത്യയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണ് ദേവയാനിയുടെ കാര്യത്തില്‍ മന്ത്രലയം തീരുമാനമെടുക്കാതിരുന്നത്.