ലണ്ടന്‍ : ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്‌ചയില്‍ ഇനി 20 മണിക്കൂര്‍ ജോലി ചെയ്യാം. സാധാരണ ദിവസം നിശ്‌ചിത മണിക്കൂറുകളും അവധിദിനം മുഴുവന്‍സമയ ജോലിക്കുമുള്ള അനുവാദമാണ് യുകെ വിസ ആന്റ് ഇമിഗ്രേഷന്‍ വിഭാഗം നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ മുതല്‍ ഇത് നടപ്പിലാകും. അണ്ടര്‍ ഗ്രാജുവേറ്റ് പോസ്‌റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ നേട്ടമാകും. യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക.
ടയര്‍ 4 ടൈപ്പ് സ്‌റ്റുഡന്റ് വിസയിലേത് ഉള്‍പ്പെടെ കുടിയേറ്റ നിയമത്തില്‍ അനേകം തിരുത്തുകളാണ് സര്‍ക്കാര്‍ വരുത്തുന്നത്. 16 വയസ്സില്‍ മുകളിലുള്ളവര്‍ക്കാണ് യുകെയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ടയര്‍ 4 സ്‌റ്റുഡന്റ് വിസ അനുവദിക്കുന്നത്. തുടര്‍ പഠനകാര്യത്തിലാണെങ്കില്‍ സര്‍വകലാശാലയില്‍ നിന്നും മതിയായ രേഖകള്‍ വേണം. അതേസമയം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി സര്‍വകലാശാലകള്‍ ഒട്ടേറെ അഭിമുഖങ്ങളും അനുമതികളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.