ലണ്ടന്‍ : സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷക്കാലമായി തങ്ങള്‍ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം. കേസില്‍ കുടുങ്ങി നിയമനടപടികള്‍ നേരിടുന്നവരും കുറ്റവാളികളും രാജ്യം വിട്ടു ബ്രിട്ടനിലേക്ക് കടക്കുന്നത് തടയുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനഎന്ന് ഹോം ഓഫീസ് പറയുന്നു. സെപ്റ്റംബര്‍ മുതല്‍ ടയര്‍ 1 ഇന്‍വെസ്റ്റര്‍ / എന്റര്‍പ്രണര്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ താന്‍ 10 വര്‍ഷമായി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ അപേക്ഷകന്‍ അപേക്ഷയോടൊപ്പം നല്‍കണം. ഇത്തരത്തിലുള്ള രേഖകള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നാണ് പുതിയ വിസാ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേകകളില്‍ കൃത്രിമം കാണിച്ചു വെന്ന് തെളിഞ്ഞാല്‍ അവരെ 10 വര്‍ഷം യുകെയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിരോധിക്കാനുമാണ് നീക്കം.
മറ്റുരാജ്യങ്ങളില്‍ നിന്നും ക്രിമിനലുകള്‍ ബ്രിട്ടനിലെത്തുന്നതിന് തടയാനാണ് ഈ നിയമം കര്‍ക്കശമായി നടപ്പിലാക്കുന്നതെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ സംശയം തോന്നുന്നവരോട് അവരുടെ ക്രിമിനല്‍ റെക്കോര്‍ഡിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാനും നീക്കം നടക്കുന്നുണ്ട്.
കൊടുംപാതകങ്ങള്‍ ചെയ്തവര്‍ക്ക് ബ്രിട്ടന്റെ മണ്ണില്‍ സ്ഥാനമില്ലെന്നും പുതിയ ചട്ടങ്ങളിലൂടെ അത്തരം ക്രിമിനലുകള്‍ വരുന്നത് തടയാന്‍ കഴിയുമെന്നുമാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ജെയിംസ് ബ്രോക്കെന്‍ഷെയര്‍ പ്രസ്താവിച്ചിരിക്കുന്നത്. 2010 മുതല്‍ യുകെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിന് മുന്നിലെത്തുന്ന വിദേശ കുറ്റവാളികളുടെ എണ്ണം 1000 ശതമാനമായി വര്‍ധിച്ചുവെന്നും രാജ്യത്തെ സുരക്ഷിതമാക്കാന്‍ ഇത്തരം വിദേശക്രിമിനലുകള്‍ ഇവിടേക്ക് കടക്കുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നുവെന്നുമാണ് മിനിസ്റ്റര്‍ പറയുന്നത്.
സെപ്റ്റംബര്‍ മുതല്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന പുതിയ നിയമം മറ്റ് വിസ റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം. ഇതനുസരിച്ച് ആരെങ്കിലും അവരുടെ ക്രിമിനല്‍ റെക്കോര്‍ഡ് ഹാജരാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ അവര്‍ക്ക് വിസ ലഭിക്കില്ല. ഇപ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെങ്കിലും വിദേശത്ത് നിന്ന് ചെയ്ത കുറ്റങ്ങളെ കണ്ടെത്തുന്നതില്‍ ഇത് അത്ര ഫലപ്രദമല്ല. അതിന്റെ പഴുതുകള്‍ അടയ്ക്കാനാണ് പുതിയ നിയമം. എന്നാല്‍ ഹൃസ്വകാല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇത് ബാധകമല്ലെന്ന് ഹോം ഓഫീസ് അറിയിക്കുന്നുണ്ട്.
അതേസമയം, ക്രിമിനലുകളുടെ പേരും പറഞ്ഞു കുടിയേറ്റത്തിന് തടയിടുകയെന്ന ടോറികളുടെ തന്ത്രമാണ് പുതിയ പരിഷ്‌കാരത്തിലൂടെ വെളിവാകുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.