ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റിന് നിയന്ത്രണം കൊണ്ടുവന്നതു വഴിയുള്ള പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനെ കേരളത്തിലേക്ക് അയക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളുമായി ആശയവിനിമയം നടത്തി ഉടനടി വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിന്‍െറ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.
നഴ്സുമാരുടെ റിക്രൂട്ട്മെന്‍റും നിയമന നടപടികളും മാസങ്ങളായി തടസ്സപ്പെട്ട വിഷയം വീണ്ടും ശ്രദ്ധയില്‍പെടുത്താനാണ് സുഷമ സ്വരാജിനെ മുഖ്യമന്ത്രി കണ്ടത്. റിക്രൂട്ട്മെന്‍റിലെ തെറ്റായ പ്രവണതകള്‍ മുന്‍നിര്‍ത്തി കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നതിന്‍െറ ഉദ്ദേശ്യശുദ്ധി സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചത് ഫലപ്രദമായിട്ടില്ല.ഉദ്യോഗാവസരം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ കിട്ടുന്നതായി കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.