ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മുഹമ്മദിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. പാകിസ്താന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയില്‍ അപമാനമേല്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വാഹനത്തില്‍ പിന്തുടര്‍ന്നു ചിലര്‍ ആക്ഷേപിച്ചു എന്നായിരുന്നു പരാതി.
ഡല്‍ഹിയില്‍ പാകിസ്താന്‍ നയതന്ത്ര പ്രതിനിധികളേയും അവരുടെ കുടുംബത്തേയും നിരന്തരം ശല്യപ്പെടുത്തുന്നതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. ഡെപ്യുട്ടി ഹൈക്കമ്മീഷണറുടെ വാഹനം ഒരു സംഘം ആളുകള്‍ പിന്തുടരുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ പാക് ഉദ്യോഗസ്ഥര്‍ അപമാനിക്കപ്പെടുന്നു എന്ന രീതിയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, വിദേശ പ്രതിനിധികളുടെ സുരക്ഷയും ആതിഥ്യമര്യാദയും പാലിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്താനില്‍ അപമാനിക്കപ്പെടുന്നത് നിത്യസംഭവമാണെന്നും അത് നയതന്ത്ര തലത്തില്‍ പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.