വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ 'എമിഗ്രേഷന്‍ ബില്ലി'ലാണ് വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും 'എമിഗ്രേഷന്‍ മാനേജ്മെന്റ് അതോറിറ്റി'ക്കു രൂപം നല്‍കും. യുകെയിലടക്കം ബാധകമാകും. സ്റ്റുഡന്റ് വിസക്കാര്‍ വഞ്ചിതരായി അകത്താകാതിരിക്കാനാണ് ഇത്. അടുത്തിടെ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായിരുന്നു
വിദേശരാജ്യങ്ങളില്‍ ആഭ്യന്തരപ്രശ്‌നങ്ങളും മറ്റുമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഈ നിര്‍ദേശമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. വിദേശത്തു പഠിക്കുകയും ജോലിനോക്കുകയും ചെയ്യുന്നവരുടെ കൃത്യമായ കണക്കും വിവരങ്ങളും ശേഖരിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ അവരെ രാജ്യത്തെത്തിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പറയുന്നത്.
വിദ്യാര്‍ഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. യു.എ.ഇ., അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, ഇന്‍ഡൊനീഷ്യ, ഇറാഖ്, കുവൈത്ത്, ലെബനന്‍, തായ്ലാന്‍ഡ്, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി 18 രാജ്യങ്ങളില്‍ ജോലിതേടി പോകുന്നവര്‍ക്ക് നിലവില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
രാജ്യത്തു തുടരാനായി വിസ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചാണ് 129 ഇന്ത്യന്‍ വിദ്യാര്‍ഥികളെ യു.എസില്‍ അറസ്റ്റ് ചെയ്തത് . വ്യാജ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയതിനാണ് നടപടി.
യുഎസില്‍ തുടരുന്നതിനായി സ്റ്റുഡന്റ് വിസ നിലനില്‍ത്താന്‍ വ്യാജ സ്‌കൂളില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ ബോധപൂര്‍വ്വം ചേരുകയാണുണ്ടായതെന്നാണ് യു.എസ് അധികൃതരുടെ വാദം.
എന്നാല്‍ യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ഇമിഗ്രേഷന്‍ അറ്റോര്‍ണി അവകാശപ്പെടുന്നത്. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ സങ്കീര്‍ണമായ നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ വിമര്‍ശിക്കുകയും ചെയ്തു.