സ്പിരിച്വല്‍

ബൈബിള്‍ പസില്‍സ് പ്രകാശനം ചെയ്തു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിള്‍ പഠിക്കുവാനും സഹായിക്കുന്ന ബൈബിള്‍ പസില്‍സ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വൈദികനായ ഫാ ടോമി എടാട്ട് രചിച്ച ഈ പുസ്തകം മരിയന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ആചാരണത്തോടനുബന്ധിച്ച് വാല്‍ത്താംസ് റ്റോയില്‍ വെച്ച് നടന്ന ചടങ്ങില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഫാ. ജോസ് അന്ത്യാകുളം, ഫാ. ഫാന്‍സ്വാ പത്തില്‍, ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങള്‍ ചേരുന്ന പുതിയ നിയമത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ മനസ്സിനെ ശാന്തമാക്കാനും ദൈവവചനം പഠിക്കാനും സഹായിക്കുന്ന രീതിയില്‍ വിനോദത്തിനും വിജ്ഞാനത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബൈബിള്‍ പഠിച്ച് ചോദ്യങ്ങള്‍ക്ക് പസില്‍ മാതൃകയില്‍ ഉത്തരങ്ങള്‍ എഴുതുവാനും ശ്രദ്ധേയമായ ബൈബിള്‍ വാക്യങ്ങള്‍ ഹൃദിസ്ഥമാക്കാനും സാധ്യമാക്കുന്ന ശൈലിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ബൈബിള്‍ പസില്‍സ് ബൈബിള്‍ പഠനത്തിന് ഏറെ സഹായകരമാകുമെന്ന് പുസ്തകപ്രകാശനമധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷന്‍, എയ്ല്‍സ്‌ഫോര്‍ഡ് സെന്റ്. പാദ്രെ പിയോ മിഷന്‍ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഫാ. ടോമി എടാട്ട് ഇതിനോടകം നിരവധി പുസ്തകങ്ങള്‍ രചിച്ച് ശ്രദ്ധേയമായ വ്യക്തിത്വമാണ്. 'മക്കളോടൊപ്പം', 'മാസ്റ്ററിങ് പബ്ലിക് സ്പീക്കിങ്, എ പ്രാക്ടിക്കല്‍ ഗൈഡ്', 'പ്രസംഗകല', പ്രകൃതിയോടിണങ്ങുന്ന കൃഷിരീതികള്‍ പ്രതിപാദിക്കുന്ന 'ജൈവം' എന്നീ കൃതികള്‍ ഫാ. ടോമി എടാട്ടിന്റെ രചനാവൈഭവം വിളിച്ചോതുന്ന സൃഷ്ടികളാണ്. കൂടാതെ പുത്തന്‍പാന, ഹോളി റോസറി, വിശുദ്ധ കുരിശിന്റെ വഴി, ഹോളി കുര്‍ബാന തുടങ്ങി ഏറെ ശ്രദ്ധേയമായ ഒട്ടേറെ ആല്‍ബങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. ടോമി എടാട്ട്.

ഇംഗ്‌ളണ്ടിലെ ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. ടോമി എടാട്ട് യുകെയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും വാഗ്മിയും കൂടിയാണ്.

ബൈബിള്‍ പഠനത്തിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുനടത്താന്‍ ഉപകരിക്കുന്ന ഈ പുസ്തകം ഇപ്പോള്‍ യുകെയില്‍ ലഭ്യമാണ്.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions