ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ലോഡ് ജുങ്കറിന്റെ അഭിപ്രായത്തിന്റെ പുറത്തു ഒറ്റരാത്രികൊണ്ട് പൗണ്ട് ഡോളറിനും യൂറോയ്ക്കും എതിരെ കുതിച്ചു. യൂറോക്കെതിരെ നാലുമാസത്തെ മികച്ച നിലയായ 1.13 ല്‍ എത്തി. ഡോളറിനെതിരെ 1.24 ഉം . ഡീല്‍ ഉണ്ടാകാനിടയുണ്ട് എന്ന നിലയ്ക്കുള്ള ജുങ്കറില്‍ നിന്നുള്ള ശുഭാപ്തിവിശ്വാസം ആണ് കറന്‍സി വിപണിയില്‍ പൗണ്ടിന്റെ നില ശക്തമാക്കിയത്. രൂപക്കെതിരെ 89 നടുത്താണ് നില .
ബ്രക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് സാധ്യതയും പാര്‍ലമെന്റ് സസ്‌പെന്‍ഷനും മുന്നിലുള്ളപ്പോഴും പൗണ്ടിന് അപ്രതീക്ഷിതനേട്ടം ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ലക്സംബെര്‍ഗ് സന്ദര്‍ശനവും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി.
പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ അപ്രതീക്ഷിത നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടും.
ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമായിരുന്നു ഈ മാസം ആദ്യം പൗണ്ടിന് . രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകര്‍ച്ച നേരിട്ടിരുന്നു . യൂറോയ്ക്കെതിരേ 1.10 ലും കുറവായിരുന്നു . ഒരു വശത്തു നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമാണ്. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത മൂലം യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി .പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. കരാറിനായി ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ലക്സംബര്‍ഗില്‍ ബോറിസ് പറഞ്ഞത്.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ വെറും 41 ദിവസം മാത്രം ബാക്കി നില്‍ക്കെ കരാറിനായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.