ബ്രക്സിറ്റ് ഡീല്‍ അംഗീകരിച്ചാല്‍ പൗണ്ടിന് ഇനി നല്ല കാലമെന്ന് ഐഎംഎഫ്
ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ കരാറിലെത്തിയതിനെ സ്വാഗതം ചെയ്ത് ഐഎംഎഫ്. ബോറിസ് ജോണ്‍സണ്‍ ബ്രസല്‍സുമായി ബ്രക്സിറ്റ് ഉടമ്പടിയിലെത്തിയെന്ന് കേട്ടപ്പോള്‍ താന്‍ 'പൗണ്ട് പോലെ ചാടി' എന്നാണ് ഐഎംഎഫ് ബോസ് ക്രിസ്റ്റലീന ജോര്‍ജിവ പ്രതികരിച്ചത്. ക്രിസ്റ്റിന്‍ ലഗാര്‍ഡിന് ശേഷം വന്ന ബള്‍ഗേറിയന്‍ സാമ്പത്തിക വിദഗ്ധയായ ക്രിസ്റ്റലീന പറഞ്ഞത് , ഈ കരാര്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അത് ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലുമുള്ള ആത്മവിശ്വാസവും ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞു.
ബ്രക്‌സിറ്റ് അനിശ്ചിതത്വം യുകെയിലും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയിലും വളരെയധികം ഭാരം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ഇനി മാറുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ഇത് വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും നല്ലതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാര്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൗണ്ട് സ്റ്റെര്‍ലിംഗ് ഡോളറിനെതിരെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന് അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 1.2988 ഡോളറിലെത്തിയിരുന്നു. കരാര്‍ എംപിമാര്‍ തടയും എന്ന ആശങ്കയ്ക്കിടയിലാണ് ഇത് അല്പം കുറഞ്ഞത്.
ബ്രക്‌സിറ്റ് ഇടപാട് അംഗീകരിക്കപ്പെടുന്നത് പൗണ്ടിന് നല്ലകാലം വരുത്തും. ബ്രിട്ടനിലെ ബിസിനസ് നേതാക്കളും ഉടമ്പടിയെ സ്വാഗതം ചെയ്തു. കരാര്‍ രഹിതമായി യൂണിയന് പുറത്തുകടക്കുന്നത് ബിസിനസ് ലോകത്തുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ കരട് ഇടപാട് പഠിക്കുമ്പോള്‍ എംപിമാര്‍ മനസില്‍ സൂക്ഷിക്കണം എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ ജോനാഥന്‍ ഗെല്‍ഡാര്‍ട്ട് പറഞ്ഞു.
എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട്. രൂപയ്‌ക്കെതിരെ 91 പിന്നിട്ടു. 91.60 ആണ് ഇന്നത്തെ നില. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു പോയിന്റിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനും യൂറോയ്ക്കും എതിരെ പൗണ്ട് കുതിപ്പു തുടര്‍ന്നു. യൂറോക്കെതിരെ ഹിതപരിശോധന നടന്ന ശേഷമുള്ള മികച്ച നിലയായ 1.156 ല്‍ എത്തി. ഡോളറിനെതിരെ 1.1.294 ഉം എത്തി.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി. ബ്രക്സിറ്റ് ചര്‍ച്ചകള്‍ കറന്‍സിയില്‍ വന്യമായ മുന്നേറ്റം സൃഷ്ടിക്കുന്നതിനാല്‍ പൗണ്ടിന്റെ പേരില്‍ ബെറ്റുണ്ടാക്കുന്നതില്‍ നിന്ന് ബാങ്കുകളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലക്കി. യുകെയും യൂണിയനും തമ്മിലുള്ള ചര്‍ച്ച ഒരു കരാറില്‍ കലാശിക്കുമോ എന്നതിനെ ആശ്രയിച്ച് പൗണ്ട് ഉയരുകയോ വീഴുകയോ ചെയ്യുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.
പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ അപ്രതീക്ഷിത നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടും.
ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമായിരുന്നു കഴിഞ്ഞ മാസം ആദ്യം പൗണ്ടിന് . രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകര്‍ച്ച നേരിട്ടിരുന്നു . യൂറോയ്ക്കെതിരേ 1.9 ലും കുറവായിരുന്നു . ഒരു വശത്തു നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമായിരുന്നു. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത മൂലം യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. കരാറിനായി ശ്രമങ്ങള്‍ ഊര്‍ജ്ജിതമായതോടെ മാറ്റം വന്നിരിക്കുകയാണ്.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.
ബോറിസിന്റെ കരാര്‍ കറന്‍സി വിപണികളെ ആവേശഭരിതരാക്കിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ ജാഗ്രത പാലിക്കണം എന്ന് സാമ്പത്തിക ലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.