മംഗലാപുരം: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിലും കൊറോണ വൈറസ് ബാധ ഒരു സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്, കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നു.
ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതല്‍ പരിശോധന. കോഴിക്കോട്- മൈസുരു ദേശീയപാതയിലെ മൂലഹള്ള ചെക്‌പോസ്റ്റില്‍ കര്‍നമായ പരിശോധനയാണ് നടക്കുന്നത്. ഒരു ഡോക്ടറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി നോണ്‍ കോണ്‍ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത്. പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിര്‍ദ്ദേശിക്കുന്നുണ്ട്. ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, കോയമ്പത്തൂര്‍, തൂത്തുകുടി, വാളായാര്‍ എന്നീ പ്രദേശങ്ങളിലാണ് കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രക്കാരെയും ആരോഗ്യ വകുപ്പ് വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നു.
സംശയകരമായ ഒരുകേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നത്. നോവല്‍ കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 63പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ 58 പേര്‍ നിരീക്ഷണത്തിലുണ്ടെന്നുമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് പറയുന്നത്. ഇതില്‍ നാലുപേര്‍ രാജ്യത്തുനിന്ന് പുറത്തുപോയെന്നും അവര്‍ പറയുന്നു. കൊറോണ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയ 56 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 39 എണ്ണവും നെഗറ്റീവ് റിസള്‍ട്ടാണ് കാണിച്ചത്. മറ്റുള്ളവയുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്ന് വന്ന തൃശൂര്‍ , ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലുളള വിദ്യാര്‍ത്ഥികളാണിവര്‍. ഇന്ത്യയില്‍ ഇതുവരെ ഈ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള ആരോഗ്യമന്ത്രി സൂചിപ്പിച്ചിരുന്നു.