കഴിഞ്ഞവര്‍ഷം യുകെ സ്റ്റഡി വിസ ലഭിച്ചത് 37500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
പോയവര്‍ഷം ടയര്‍ 4 അല്ലെങ്കില്‍ സ്റ്റഡി വിസ ലഭിച്ചത് 37500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ന് വ്യക്തമാക്കി യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്. 2018നെ അപേക്ഷിച്ച് 93 ശതമാനം വര്‍ധനവാണ് ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായി ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിച്ചത് കാലമാണിത്. 2016 ന് ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണ് ഇത്.
യുകെയുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മികവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യത്തിനും തെളിവാണ് സ്റ്റുഡന്റ് വിസയില്‍ ഉണ്ടായ ഈ വര്‍ധന കാണിക്കുന്നതെന്ന് യുകെ ഹൈക്കമ്മീഷണര്‍ ടു ഇന്ത്യ ജാന്‍ തോംസണ്‍ പറഞ്ഞു.
യു കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2019 ല്‍ 57000 ടയര്‍ 2 സ്‌കില്‍ഡ് വര്‍ക്ക് വിസ ആണ് ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ഇക്കാലയളവില്‍ യുകെ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അനുവദിച്ച ആകെ വര്‍ക്ക് വിസയുടെ പകുതിയോളവും ഇന്ത്യക്കാര്‍ക്കായി ആണ് അനുവദിച്ചത്.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും യുകെ ഏറെ പ്രിയം ആണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 515000 ഇന്ത്യക്കാര്‍ക്കാണ് വിസിറ്റ് വിസ ലഭിച്ചത്. അതായത് മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനത്തിന്റെ വര്‍ദ്ധന. 2019 യു കെ വിസക്കായി അപേക്ഷിച്ച ഇന്ത്യന്‍ വംശജരുടെ 95 ശതമാനം അപേക്ഷകളും വിജയകരമായി പൂര്‍ത്തിയാക്കി. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഉണ്ടായത്. പോസ്റ്റ് സ്റ്റഡി വിസ ഉള്‍പ്പെടെ യുകെ പ്രഖ്യാപിച്ച വിസാ നയങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുകെയിലേക്ക് ഏറെ ആകര്‍ഷിക്കുന്നത് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുതായി പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം വരുന്നതോടെ ഇന്ത്യയിലെ സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് അത് നേട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു.