കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ വിദേശ പ്രവാസി മലയാളികളുടെ എണ്ണം അധികൃതര്‍ കണക്കു കൂട്ടിയതിലും വളരെ കൂടുന്നു. ഗള്‍ഫ് , യൂറോപ്പ്, അമേരിക്ക ആഫ്രിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നടക്കം ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. യുകെയടക്കം 203 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 5,000,59 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇ സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്.
മടക്കയാത്രയ്‌ക്ക് ഒരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍ . 63,839 പേരാണ് ഇന്നു വരെ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നാല്‍പത്തി ഏഴായിരത്തിലധികം പേരും കണ്ണൂരില്‍ നിന്നുള്ള 42754 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നോര്‍ക്ക തുടരുകയാണ്. ഏപ്രില്‍ 26- നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക സംസ്ഥാനം കേന്ദ്ര സര്‍കാരിനും എംബസികള്‍ക്കും കൈമാറും. സര്‍ക്കാര്‍ പ്രതീക്ഷിച്ചതു ആകെ അഞ്ചു ലക്ഷം പേരുടെ തിരിച്ചു വരവാണ്. എന്നാല്‍ തൊഴില്‍ നഷ്ടവും രോഗ ഭീതിയും മൂലം കൂടുതല്‍ പേര്‍ തിരിച്ചുവരുകയാണ്.
രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന ലഭിക്കില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടിക്രമങ്ങള്‍. കോവിഡ് 19 പരിശോധനയില്‍ നെഗറ്റിവാകുന്നവര്‍ക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. നാട്ടിലെത്തായാലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 14 മുതല്‍ 28 ദിവസം ഏറെ നിരീക്ഷണത്തില്‍ കഴിയേണ്ടതായി വരും.
ഇതനുസരിച്ചുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സാഹചര്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും തിരിച്ചുവരുന്ന പ്രവാസികള്‍ള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.