കൊച്ചി: സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതി. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാന്‍ ശ്രമം നടന്നത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും നടി ഷംന കാസിമും ഉള്‍പ്പെടെയുള്ളവരെ ഇതിനായി നേരിട്ടുവിളിച്ചതായി ഹംജത് മൊഴി നല്‍കിയിട്ടുണ്ട്. ഈ മേഖലയിലും അന്വേഷണം വ്യാപിപ്പിക്കും.
സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്റ്റേജ് ഷോകള്‍ക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാന്‍ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു. വന്‍പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. ഷംന കാസിമില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നാണ് സൂചന. സ്വര്‍ണക്കടത്തു സംഘം സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ഇതിനു മുമ്പും വാര്‍ത്തയായിട്ടുള്ളതാണ്. ഷംനയെ ബ്ളാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഘം തന്നെ വിളിച്ചു ഷംനയുടെയും മിയയുടെയും നമ്പര്‍ ചോദിച്ചിരുന്നെന്നു ധര്‍മജന്‍ പറഞ്ഞിരുന്നു.
അതിനിടെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. പിന്നീട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ അന്വേഷണസംഘമെത്തി. ഹെദര്‍ ഫ്ലാറ്റ്, കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപം ക്ഷേത്രത്തിന് പിന്നിലെ വീട്, മരുതംകുഴിയിലെ വീട്, ഹെദര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്. അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതിനുശേഷം പോലീസ് ക്ലബ്ബിലെ എന്‍ഐഎ സംഘത്തിന്റെ ക്യാമ്പിലെത്തിച്ചു.
അതേസമയം, സ്വപ്‌നയും സന്ദീപും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായാണ് സൂചന വെളിപ്പെടുത്തല്‍. ഉന്നതര്‍ക്ക് കേസില്‍ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയില്‍ രാഷ്ട്രീയ പ്രമുഖരും പോലീസ് ഉന്നതരുമെല്ലാം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. 21 വരെയാണ് എന്‍ഐഎയുട കസറ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ കാലാവധി അവസാനിച്ചെങ്കില്‍ മാത്രമേ ക്‌സ്റ്റംസിന് ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാന്‍ സാധിക്കൂ.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച് ചോദ്യചെയ്തതിന് ശേഷമായിരിക്കും ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നത്.