ലണ്ടന്‍ : ജൈവ ഭക്ഷ്യ ബ്രാന്‍ഡായ കൊക്കോഫീനയുടെ സ്ഥാപകനും മലയാളിയുമായ ജേക്കബ് തുണ്ടിലിന് എലിസബത്ത് രാജ്ഞിയുടെ 'മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍' (എംബിഇ) ബഹുമതി. അന്താരാഷ്ട്ര വ്യാപാര, കയറ്റുമതി രംഗത്തെ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്ഞിയോ രാജകുടുംബാംഗങ്ങളോ പുരസ്കാരം സമ്മാനിക്കും.
കൊല്ലം സ്വദേശിയായ ജേക്കബ് 2005 മുതല്‍ കൊക്കോഫീന എന്ന ബ്രാന്‍ഡില്‍ യുകെയില്‍ നാളികേര ഉല്‍പ്പന്ന നിര്‍മാണവും വ്യാപാരവും നടത്തിവരുകയാണ്. നാളികേരത്തില്‍ നിന്ന് കൊക്കോഫീന ഉല്‍പ്പാദിപ്പിക്കുന്ന 32 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ 28 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു.
സംരംഭകര്‍ക്കുള്ള ബിബിസിയുടെ റിയാലിറ്റി ഷോയായ ഡ്രാഗന്‍സ് ഡെന്നില്‍ പങ്കെടുത്തു വിജയിച്ച ആദ്യ മലയാളിയാണ് ജേക്കബ്. കോട്ടയത്തെ പള്ളിക്കൂടം, കൊല്ലം ഇന്‍ഫാന്റ് ജീസസ്, ടികെഎം എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം യുകെയില്‍ നിന്ന് എംബിഎ നേടി. ബ്രിട്ടീഷ് ടെലകോം, എച്ച്എസ്ബിസി, അക്‌സഞ്ചര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലെ ജോലിയ്ക്കു ശേഷമാണ് ജേക്കബ് കൊക്കോഫീന ആരംഭിച്ചത്. കടല്‍പ്പായലില്‍ നിന്ന് സോസുണ്ടാക്കുന്ന സോസ് യീ ഉള്‍പ്പെടെ രണ്ടു സംരംഭങ്ങള്‍ക്ക് കൂടി ജേക്കബ് തുടക്കം കുറിച്ചിട്ടുണ്ട്.
എംബിഇ ബഹുമതി വലിയ ആദരമാണെന്നും ബ്രിട്ടീഷ് ഭക്ഷ്യ വ്യവസായത്തിന്റെ ഭാഗമാവാനും രാജ്യത്തിന്റെ കയറ്റുമതി വര്‍ധനയില്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജേക്കബ് പറഞ്ഞു. കൊക്കോഫീന യുകെയിലെ മലയാളിസമൂഹത്തിന്റെ അഭിമാന സ്ഥാപനമാണ്.