കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഉടന്‍ തന്നെ മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജോസ് കെ മാണി. മന്ത്രി സഭയില്‍ ഇപ്പോള്‍ ചേരും എന്നത് ഊഹാപോഹം മാത്രമാണെന്ന് ജോസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സമയമായില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
വളരെയധികം ആളുകള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരികയാണ്. കേരള കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്കില്ല. സഭ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ല. സഹോദരി ഭര്‍ത്താവ് എംപി ജോസഫ് പാലായില്‍ മത്സരിക്കുമെന്ന് പറയുന്നതില്‍ പുതുമയില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ ഘടകക്ഷിയാക്കാനുള്ള എല്‍ഡിഎഫ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം നിലപാടെടുത്ത ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണിത്. ഈ തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്നും ജോസ് കെ മാണി അവകാശപ്പെട്ടു.