തിരുവനന്തപുരം: കോടികളുടെ കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്ന ആരോപണം നേരിടുന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍.
കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാവാന്‍ ഹാജരാവാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഇ.ഡി വഴങ്ങിയില്ല. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരുന്നത്. വൈകിട്ട് നാലുമണിയോടെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തുകയായിരുന്നു. അഭിഭാഷകനൊപ്പം ആണ് ഹാജരായത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്. നേരത്തെ ദിനപത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പ്രതിനിധികളേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ചന്ദ്രിക കേസില്‍ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നല്‍കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ അറിയാവുന്ന കാര്യങ്ങള്‍ പറയാനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലകേസുകളിലെയും പോലെ ഇതിലും രാഷ്ട്രീയമുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രം നടത്തിപ്പ് എഴുതിവെച്ച പോലെ നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടിവരും. അതിലപ്പുറമൊന്നും ചന്ദ്രികക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായി മറുപടി പറയാനാകുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയിയിലൂടെ ലഭിച്ച കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം. മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍ കുഞ്ഞാലിക്കുട്ടിയ്ക്കും മകനുമെതിരായ തെളിവുകള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.
ചന്ദ്രികയില്‍ നടന്ന കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിയ്ക്ക് കൈമാറിയെന്നാണ് കെ.ടി. ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ചന്ദ്രികയിലെ കള്ളപ്പണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കൈമാറിയെന്നാണ് ജലീല്‍ പറഞ്ഞത്. വില്ലേജ് ഓഫീസിലെ ഭൂമി ഇടപാട് രേഖകള്‍ അടക്കം കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രികയുടെ മറവില്‍ കോഴിക്കോട് നഗരത്തില്‍ കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും അടങ്ങുന്ന ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയെന്നും സംസ്ഥാന ഭരണം ലഭിച്ചാല്‍ അധികാരമുപയോഗിച്ച് ഇവിടെ നിര്‍മാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു.
ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.