ഗള്‍ഫും യൂറോപ്പും മാത്രമല്ല ഇനി ജപ്പാനും മലയാളി നഴ്‌സുമാരുടെ ഇഷ്ട സങ്കേതമാകാന്‍ പോകുന്നു. ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആരംഭിക്കുന്ന പദ്ധതി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രാധാന്യം ലഭിക്കുക നഴ്‌സിങ് മേഖലയ്ക്ക് ആയിരിക്കും. ഏകദേശം 60000 വിദേശ നഴ്‌സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. ഇതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാകുമെന്നാണ് സൂചന. എഞ്ചിനീയറിങ് മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യതയുണ്ട്.
കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലന ചുമതല. പരിശീലന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജപ്പാനീസ് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതിനനുസരിച്ച് അപേക്ഷ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ ജപ്പാനിലേക്ക് പോകാം. വീട്ടു ജോലി, അവിദഗ്ധ തൊഴില്‍ മേഖലകളിലും സാധ്യതകളുണ്ട്.
സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ആയതിനാല്‍ കബളിക്കപ്പെടുമെന്ന ആശങ്ക വേണ്ട. ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ ചെലവുമില്ല, പരിശീലന് ശമ്പളം നല്‍കുക ജപ്പാനായിരിക്കും. പരീക്ഷ ജയിച്ചാല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. കാലാവധി പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് പുതുക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ വേതനം പ്രതീക്ഷിക്കാം. വികസിതരാജ്യവും ജനാധിപത്യ രാജ്യവും ആയതിനാല്‍ വിദേശിയര്‍ക്കു സ്വാതന്ത്ര്യത്തോടെയും സുഖ സൗകര്യത്തോടെയും ഏഷ്യയില്‍ തന്നെ ജീവിക്കുകയും ചെയ്യാം. ജനുവരിയോടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.