ന്യൂസിലാന്റ് മലയാളികളെ നടുക്കി 32 വയസുള്ള മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പിറവം, രാമമംഗലം, സ്വദേശി ദിവ്യ മനോജ് (32) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ആളായിരുന്നു ദിവ്യ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദിവ്യ തന്നെയാണ് ആംബുലന്‍സ് വിളിച്ചു ആശുപത്രിയിലെത്തിയത്. പിന്നീട് ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയോടെ മരണമടയുകയുമായിരുന്നു.
മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസയില്‍ നേഴ്സ് ആയിരുന്നു ദിവ്യ. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആര്‍ട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലാന്റില്‍ എത്തിയത്. മൂന്നു മാസം മുന്‍പ് ആണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. ഹാമില്‍ട്ടണില്‍ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമണ്‍- ഷേര്‍ലി ദമ്പതികളുടെ മകളാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
മനോജ് ഇടുക്കി സ്വദേശി ആണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനാണ് ശ്രമം. മനോജും കുട്ടികളും ഉടനെ നാട്ടിലേയ്ക്ക് തിരിക്കും. ജീവിതം തുടങ്ങുന്ന സമയത്തു തന്നെ ഈ കുടുംബത്തിനുണ്ടായ നഷ്ടം മലയാളി സമൂഹത്തിനും തീരാ വേദനയായി.