യുഎസിലെ കനക്ടിക്കട്ടില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു . കാറില്‍ കൂടെയുണ്ടായിരുന്ന 2 കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണ് മരിച്ചത്.
കാറില്‍ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ ആണ് ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട സിസ്റ്റര്‍ അനില, ബദിയടുക്കയിലെ കുര്യാക്കോസ് -ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.