Don't Miss

കാല്‍ക്കാശിനു ഗതിയില്ലെങ്കിലും പൊടിപൊടിച്ചു പണിമുടക്കാഘോഷം

നിത്യച്ചെലവിനു പോലും കടമെടുക്കുന്ന ഒരു സംസ്ഥാനം, എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും അണിനിരത്തി 48 മണിക്കൂര്‍ പണിമുടക്കാഘോഷം പൊടിപൊടിക്കുന്നതാണ് കേരളത്തില്‍ കണ്ടത്. അഖിലേന്ത്യാ പണിമുടക്കെന്നായിരുന്നു പറച്ചിലെങ്കിലും പതിവുപോലെ കാര്യമായി പണിമുടക്കിച്ചത് കേരളത്തില്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തരായ വിമര്‍ശകരായിരുന്നിട്ടും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബലപ്രയോഗമോ ഭീഷണിയോ ചെലുത്താതെ തൊഴിലാളികളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു.

എന്നാല്‍ കേരളത്തില്‍ അതായിരുന്നില്ല സ്ഥിതി. ഇവിടെ പണിമുടക്കെന്നാല്‍ ബന്ദാണ്. അത്യാവശ്യത്തിനു വഴില്‍ ഇറങ്ങുന്നവരെ ഓടിച്ചും നിത്യച്ചെലവിനു ബുദ്ധിമുട്ടുന്ന ചെറുകിട കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും യൂണിയന്‍ ലേബലില്‍ ഗുണ്ടായിസം നടത്തുന്നു. ഇതൊക്കെ ടിവിയില്‍ കണ്ടു പണിമുടക്ക് ദിവസവും ശമ്പളത്തോടെ അവധി ആഘോഷിക്കുകയാണ് ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍. ഒരു വശത്തു കോര്‍പ്പറേറ്റുകള്‍ക്ക് തുറക്കാന്‍ അവസരം നല്‍കുകയും മറുവശത്തു പെട്ടിക്കടക്കാരുടെ കുത്തിന് പിടിക്കുകയും ചെയ്യുന്ന സോഷ്യലിസം കണ്ടു കോടതിക്ക് പോലും ഇടപെടേണ്ടിവന്നു. ജനത്തിന്റെ പണം കീശയിലിട്ടു അവരെ ആട്ടിപ്പായിക്കുന്ന പണിമുടക്കുത്സവം കണ്ടു നിര്‍വൃതിയടഞ്ഞ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടെയുള്ള അവധി റദ്ദാക്കി ഉത്തരവിറക്കാന്‍ കോടതിയ്ക്ക് പറയേണ്ടിവന്നു. അതിനു കോടതിക്കെതിരെയും സമരക്കാര്‍ വിമര്‍ശനം പായിച്ചു.

രണ്ടു ദിവസം ജനത്തെ അടച്ചിട്ടപ്പോഴും പാര്‍ട്ടി സമ്മേളനത്തിനുള്ള പന്തലുപണി കൊണ്ടുപിടിച്ചു നടക്കുകയായിരുന്നു. ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത് എന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല എന്നുമാണ് കോടിയേരി സഖാവ് പറഞ്ഞത്. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട് എന്നും തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങുന്ന നിലവന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വസ്തുത എന്താണ്, അദ്ധ്വാനിച്ചു അന്നന്നത്തെ വക കണ്ടെത്തുന്ന മഹാഭൂരിപക്ഷവും വലഞ്ഞു. അവര്‍ക്കു പേടിച്ചു പുറത്തിറങ്ങാനായില്ല. ഇറങ്ങിയവരെ വിരട്ടിയോടിച്ചു.

കൊല്ലത്തു പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ 15 അദ്ധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. കടയ്‌ക്കല്‍ ചിതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അദ്ധ്യാപകരെയാണ് ഭരണകക്ഷിയൂണിയന്‍കാര്‍ പൂട്ടിയിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ജോലിക്കെത്തിയത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സമരക്കാര്‍ എത്തിയത്. മറുവശത്തു സിപിഎം ഭരിക്കുന്ന ഒരു ബാങ്കില്‍ സുഗമമായി പ്രവര്‍ത്തനം നടക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ പോലും മാറ്റിവച്ചാണ് സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും സുപ്രധാനമായ രണ്ടു ദിവസം കേരളം കൊണ്ടാടിയത്.ഈ രണ്ടു ദിവസത്തെ വരുമാന നഷ്ടത്തിന് അത്രയും കൂടെ കടം എടുക്കാനാണ് ഇനി സര്‍ക്കാര്‍ ശ്രമം. നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞപോലെ 'ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്'

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions