ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ 75 ഫുള്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ച് യുകെ. ഇന്ത്യയിലെ മുന്‍നിര ബിസിനസുകളുമായി സഹകരിച്ചാണ് യുകെ ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ യുകെയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സമ്പൂര്‍ണ ഫണ്ട് ലഭ്യമാക്കുന്ന 75 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനായി ഇത്രയേറെ ഫുള്ളി ഫണ്ടഡ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഇതാദ്യമാണ്.
ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തുമ്പോള്‍ എച്ച്എസ്ബിസി, പിയേഴ്‌സണ്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റാ സണ്‍സ്, ഡ്യുവോലിംഗോ എന്നിവരുമായി സഹകരിച്ചാണ് യുകെ ഗവണ്‍മെന്റ് ഈ പിന്തുണ നല്‍കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത യുകെ യൂണിവേഴ്‌സിറ്റിയില്‍ ഏത് വിഷയവും പഠിക്കാന്‍ അവസരം നല്‍കുന്ന പ്രോഗ്രാമില്‍ ഷെവെനിംഗ് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ഇതില്‍ പെടുന്നു.
ഇതിന് പുറമെ ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ സ്ത്രീകള്‍ക്കായി സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്‌റ്റെം) വിഷയങ്ങളില്‍ ചുരുങ്ങിയത് 18 സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നു. 12,000 കോഴ്‌സുകളും, 150 യുകെ യൂണിനേഴ്‌സിറ്റികളും ഇതില്‍ പെടും. ഇതിന് പുറമെ ആറ് ഇംഗ്ലീഷ് സ്‌കോളര്‍ഷിപ്പുകളും ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫര്‍ ചെയ്യുന്നു.
2022 മാര്‍ച്ച് അവസാനം വരെ 108,000 സ്റ്റഡി വിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് ഇത്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണ് യുകെയുടെ ലക്‌ഷ്യം.