Don't Miss

ഇരകളാവുന്നത് പാവങ്ങള്‍; ജപ്തി എന്ന 'ഷോ'

വമ്പന്മാര്‍ സഹസ്രകോടികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഞെളിഞ്ഞു നടക്കുകയും വിദേശത്തു സസുഖം വാഴുകയും ചെയ്യുമ്പോള്‍ നിവൃത്തികേടുകൊണ്ടു വായ്പ തിരിച്ചടവിന്റെ തവണ മുടങ്ങുന്ന പാവങ്ങളുടെ കുത്തിന് പിടിക്കുകയും മാനംകെടുത്തുകയും ചെയ്യുന്ന ബാങ്കുകളുടെ വിനോദം ഒരു വിലപ്പെട്ട ജീവന്‍ കൂടി കവര്‍ന്നു. ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കൊല്ലത്തു ആത്മഹത്യ ചെയ്ത അഭിരാമിയുടെ അവസ്ഥ കേരളത്തിലെ സാധാരണക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.

ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

പണം തിരിച്ച് അടയ്ക്കാന്‍ കേരള ബാങ്കിനോട് വീട്ടുകാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
ലോണെടുത്തിട്ട് 4 വര്‍ഷം ആയതേ ഉള്ളൂവെന്നും കൊവിഡ് വരുന്നതിന് മുന്‍പുവരെയും കൃത്യമായി ലോണ്‍ അടച്ചിരുന്നുവെന്നു പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒന്നര ലക്ഷം രൂപ ഇവര്‍ ബാങ്കില്‍ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ബാങ്ക് അധികൃതര്‍ നോട്ടീസ് പതിക്കുകയായിരുന്നു. പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച മിടുക്കിയായ കുട്ടിയാണ് ജീവനൊടുക്കിയത്.


'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ' എന്നാണ് ജീവനൊടുക്കും മുമ്പ് അഭിരാമി ചോദിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. അധികൃതര്‍ നടപടിക്കെത്തിയപ്പോള്‍ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.

അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അഭിരാമി അച്ഛന്‍ അജികുമാറിനോട് പറഞ്ഞു. സര്‍ക്കാര്‍ ബോര്‍ഡായതിനാല്‍ പ്രശ്‌നമായലോ എന്ന് അജികുമാര്‍ മറുപടി നല്‍കി.

എങ്കില്‍ ഒരു തുണി കൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ എന്നായി അഭിരാമിയുടെ ആവശ്യം. തുടര്‍ന്ന് ബാങ്കില്‍ പോയി പ്രശ്‌നം പരിഹരിക്കാമെന്ന് അഭിരാമിയെ പറഞ്ഞ് അച്ഛന്‍ അജികുമാര്‍ സമാധാനിപ്പിച്ചു.

അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അഭിരാമി മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആണ് ആസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന അഭിരാമിയെയാണ് പിന്നീട് കണ്ടത്. അഭിരാമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹവുമായി ബന്ധുക്കള്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും വഴിയാണ് കേരള ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ അഞ്ച് മിനുറ്റോളം ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.പെണ്‍കുട്ടിയുടെ മരണത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം ജപ്തി നടപടികള്‍ക്ക് മുമ്പ്ആശ്വാസ നടപടിയൊന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നടക്കുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്.

അതേസമയം, സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. ബാങ്ക് നടപടിയില്‍ തെറ്റില്ലെന്നും കൂടുതല്‍ അന്വേഷിക്കുമെന്നും ആണ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions