ബിസിനസ്‌

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മാന്ദ്യ മുന്നറിയിപ്പ്: പൗണ്ട് ഇടിഞ്ഞു; പ്രവാസികള്‍ക്ക് വെല്ലുവിളി

യുകെ എക്കാലത്തെയും വലിയ മാന്ദ്യത്തിലേക്കെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
മുന്നറിയിപ്പിന് പിന്നാലെ പൗണ്ട് ഇടിഞ്ഞു. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തിയതോടെ മാന്ദ്യ ഭീതി ശക്തമായി. സ്റ്റെര്‍ലിംഗ് ഡോളറിനും രൂപയ്ക്കുമെതിരെ രണ്ടു പോയിന്റ് കുറഞ്ഞു യഥാക്രമം 1.11, 92.58 എന്നീ നിലയിലെത്തി. പലിശ നിരക്ക് വൈകാതെ 4 ശതമാനം എത്തുമെന്ന മുന്നറിയിപ്പ് പൗണ്ടിന് ഇനിയും ക്ഷീണമുണ്ടാക്കും.

രാജ്യം വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നതായിരുന്നു . ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് എത്തുകയും ചെയ്തു. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു.

അന്നത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് വലിയ നികുതിയിളവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി, അവര്‍ക്ക് എങ്ങനെ പണം നല്‍കുമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം.

പുതിയ ചാന്‍സലര്‍ ജെറമി ഹണ്ട് - മിസ് ട്രസിന്റെ മിക്കവാറും എല്ലാ നികുതിയിളവുകളും മാറ്റി. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഓഹരികളും ഇടിഞ്ഞു. പൗണ്ട് ഡോളറിനെതിരെ 3 ശതമാനത്തിലധികം ഇടിഞ്ഞു, 1.08 ഡോളറിന് താഴെയായിരുന്നു. രൂപയ്‌ക്കെതിരെ 88.15 ആയിരുന്നു. സുനാക് വന്നതോടെ അത് 94 പിന്നിട്ടിരുന്നു . എന്നാല്‍ മാന്ദ്യ ഭീതി വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു വലിയ തിരിച്ചടിയായിരുന്നു. ഇത് നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിക്കും. നാലുപതിറ്റാണ്ടിനിടയിലെ രൂക്ഷമായ വിലക്കയറ്റം തിരിച്ചടിയാവും.

രാജ്യത്ത് പലിശനിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും. പലിശ നിരക്കുകളിലെ ചലനം ഇപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്ഗേജിലേക്ക് നയിക്കാന്‍ പോകുകയാണ്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ പണപ്പെരുപ്പം സംഭവിക്കുകയാണ്. പണപ്പെരുപ്പം ജൂണില്‍ തന്നെ 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9.4 ശതമാനത്തില്‍ എത്തിയിരുന്നു. എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നതിനാല്‍ ഓട്ടം സീസണില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ തൊടുമെന്നാണ് ബാങ്ക് കരുതുന്നത്. ഇത് സകല മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കും. മോര്‍ട്ട്ഗേജ് നിരക്കുകള്‍ മാസങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി വാങ്ങുന്നവരും റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇതിന്റെ ഭാരം അനുഭവിക്കുന്നു.
മിനി-ബജറ്റിന് ശേഷമുള്ള ഭാവി പലിശ നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം, വിപണിയില്‍ നിന്ന് ആയിരത്തിലധികം ഡീലുകള്‍ പിന്‍വലിക്കാന്‍ വായ്പക്കാരെ പ്രേരിപ്പിച്ചു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് പ്രകാരം രണ്ട് മില്ല്യണ്‍ ഭവന ഉടമകള്‍ക്കാണ് ഫിക്‌സഡ് ടേം ലോണുകളുടെ കാലാവധി അവസാനിക്കുന്നതോടെ 2024ന് മുന്‍പായി റീമോര്‍ട്ട്‌ഗേജ് എടുക്കേണ്ടി വരിക. ഇവരെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധനവായിരിക്കും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions