2022-ല്‍ യുകെ അനുവദിച്ച വിസകളില്‍ ഏറ്റവും കൂടുതല്‍ വിസ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. കഴിഞ്ഞ വര്‍ഷം 2,836,490 വിസകളാണ് യുകെ ആകെ അനുവദിച്ചത്. ഇതില്‍ 25 ശതമാനവും ഇന്ത്യന്‍ വംശജര്‍ക്കാണ് ലഭിച്ചത്.
സ്റ്റുഡന്റ് വിസകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് നിരക്കിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിച്ചത്. 2021-ല്‍ 73% വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ച വര്‍ക്ക് വിസകളുടെ കാര്യത്തില്‍ 130 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. സന്ദര്‍ശക വിസകളിലും അധിക പങ്കും ഇന്ത്യക്കാര്‍ക്കാണ് നല്‍കിയത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇമിഗ്രേഷന്‍ നയങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ കുടിയേറ്റക്കാരെ യുകെയിലെത്തിക്കാനാണ് ശ്രമം. ഇന്ത്യ-യുകെ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ഇതിന് ഉദാഹരണമാണ്. ഇന്ത്യയില്‍ നിന്നുള്ള യുവ ഗ്രാജുവേറ്റുകളെ യുകെയില്‍ രണ്ട് വര്‍ഷം ജീവിക്കാനും, പഠിക്കാനും, യാത്ര ചെയ്യാനും, ജോലി ചെയ്യാനും ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഇന്ത്യ-യുകെ ബന്ധത്തിന്റെ ഭാഗമായുള്ള പദ്ധതി പ്രകാരം ബാച്ചിലര്‍ ഡിഗ്രിയോ, അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയും, മിനിമം സേവിംഗ്‌സും ഉള്ളവര്‍ക്കും ഇതില്‍ അപേക്ഷിക്കാന്‍ കഴിയും. യുകെയില്‍ ആശയവിനിമയത്തിന് ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനമാണ് പ്രധാന വിഷയം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.