പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനിറങ്ങിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ മുറയ്ക്ക് കൂട്ടി ജനത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. 4.25 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്കു ഉയര്‍ത്തുന്ന പലിശ നിരക്ക് അടുത്തമാസം 4.75 ശതമാനത്തിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. പലിശ നിരക്കുകള്‍ 15 വര്‍ഷത്തിനിടെ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തിയതോടെ മോര്‍ട്ട്‌ഗേജ് എടുത്തവരുടെ മേല്‍ ആയിരക്കണക്കിന് പൗണ്ടിന്റെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വേരിയബിള്‍ റേറ്റിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 10,200 പൗണ്ടിലേറെയാണ് തിരിച്ചടവിലേക്ക് ആവശ്യമായി വരിക.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 4.25 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്കു ഉയര്‍ത്തുന്നത് മൂലം വേരിയബിള്‍, ട്രാക്കര്‍ റേറ്റുകളില്‍ മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ള ഏകദേശം 1.6 മില്ല്യണ്‍ ഭവന ഉടമകളുടെ ബില്ലുകളില്‍ അടിയന്തര വര്‍ദ്ധനവിന് വഴിയൊരുക്കും.
എന്നാല്‍ കടമെടുപ്പ് ചെലവുകളും, പണപ്പെരുപ്പവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ച നയപരമായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി തയ്യാറായില്ല. കുറ്റപ്പെടുത്തലിന്റെ ഭാഷ ഉപയോഗിക്കില്ലെന്നും, യുക്രൈനിലെ യുദ്ധം ഉള്‍പ്പെടെ അടിസ്ഥാന കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയുമാണ് ബെയ്‌ലി ചെയ്തത്.
പണപ്പെരുപ്പ ഭീഷണി നേരിടുന്നതില്‍ ബാങ്കിന്റെ പ്രതികരണം വേഗത കുറഞ്ഞ നിലയിലായിരുന്നില്ലേയെന്ന ചോദ്യത്തിന് പല വിഷയങ്ങളില്‍ കാഴ്ചയ്ക്ക് പരിധിയുണ്ടെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. എന്നാല്‍ മൂന്നില്‍ രണ്ട് കടമെടുപ്പുകാരും തുടര്‍ച്ചയായ നിരക്ക് വര്‍ദ്ധനവുകളുടെ രുചിയറിഞ്ഞിട്ടില്ലെന്നും, ഇവരും വേദന അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
1989-ന് ശേഷമുള്ള കുത്തനെയുള്ള വര്‍ദ്ധനവുകളുടെ പരമ്പരയാണ് തുടരുന്നത്. ഇതുവരെയുള്ള വര്‍ദ്ധനവുകള്‍ പ്രതിവര്‍ഷം 9564 പൗണ്ട്, അല്ലെങ്കില്‍ 797 പൗണ്ട് പ്രതിമാസം അധികച്ചെലവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ നിരക്കു വര്‍ധന ഇതുകൊണ്ടും അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് 2021 ഡിസംബറില്‍ അടിസ്ഥാന നിരക്ക് വെറും 0.1 ശതമാനമായിരുന്നു.
കോവിഡ് 19 സമ്പദ്ഘടനയെ മന്ദഗതിയില്‍ ആക്കിയപ്പോള്‍, പൊതുജനങ്ങളെ ധാരാളമായി ചെലവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഭരണകൂടം. ഇത് പണപ്പെരുപ്പത്തില്‍ എത്തിയപ്പോള്‍ അതിന് തടയിടാന്‍ പലിശ നിരക്ക് 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 4 ശതമാനവും പിന്നിട്ടു കുതിയ്ക്കുന്നത്.