ബിസിനസ്‌

പലിശ നിരക്കുകള്‍ 5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 7% തൊടുമെന്ന് ആശങ്ക

പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബേസ് റേറ്റ് 4.5 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയാണ് മോര്‍ട്ട്‌ഗേജുകാരുടെ തലയില്‍ ഭാരം വര്‍ദ്ധിപ്പിച്ചത്. 0.25 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് പ്രതീക്ഷിച്ചതെങ്കിലും ഈ നിലപാടിനെ മറികടന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വര്‍ദ്ധന പ്രഖ്യാപിച്ചത്. സ്ഥിരതയില്ലാത്ത ശമ്പളവര്‍ദ്ധന ചോദിക്കുന്നത് നിര്‍ത്തണമെന്നാണ് സാധാരണക്കാരോട് 575,000 പൗണ്ട് വരുമാനമുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം.

നിലവിലെ രീതിയില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന പരിപാടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന വിമര്‍ശനം ഗവര്‍ണര്‍ തള്ളി. ലക്ഷ്യമിടുന്ന 2 ശതമാനം പണപ്പെരുപ്പ നിരക്കിലേക്ക് എത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് ഗവര്‍ണറുടെ പക്ഷം. ഉയര്‍ന്ന ശമ്പളവര്‍ദ്ധനവുകളാണ് വിപണിയെ ഇളക്കിമറിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇതാണ് ബാങ്കിനെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും.

വിലക്കയറ്റം നേരിടാന്‍ പര്യാപ്തമായ നടപടികള്‍ നേരത്തെ കൈക്കൊണ്ടില്ലെന്ന വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് നടപടി. ഈ വര്‍ഷം തന്നെ പണപ്പെരുപ്പം കുറയ്ക്കാന്‍ ശമ്പളവര്‍ദ്ധന നിലവിലെ രീതിയില്‍ നല്‍കിയാല്‍ ശരിയാകില്ലെന്നാണ് ബെയ്‌ലി വ്യക്തമാക്കുന്നത്. ബാങ്കിന്റെ കര്‍ശനമായ നടപടികള്‍ക്ക് പ്രധാനമന്ത്രി സുനാക് പിന്തുണ പ്രഖ്യാപിച്ചു.

2021 ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായ 13-ാം തവണയാണ് ബാങ്ക് ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. 1989ന് ശേഷമുള്ള കുത്തനെയുള്ള വര്‍ദ്ധനവുകളാണ് ജനങ്ങള്‍ സഹിക്കേണ്ടി വരുന്നത്. വെറും 18 മാസങ്ങള്‍ക്കിടെ 4.9 ശതമാനം പോയിന്റ് കുതിച്ചുചാട്ടം മോര്‍ട്ട്‌ഗേജുകാര്‍ക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. 2008 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ബേസ് റേറ്റ്.

2-നെതിരെ 7 വോട്ടുകള്‍ക്കാണ് എംപിസി ബേസ് റേറ്റ് വര്‍ദ്ധനവിനെ പിന്തുണച്ചത്. ബേസ് റേറ്റ് ഉയര്‍ന്ന് നില്‍ക്കുന്നത് മോര്‍ട്ട്‌ഗേജ് വിപണിയില്‍ ദുരന്തം തീര്‍ക്കുകയാണ്. സേവിംഗ്‌സുകാര്‍ക്ക് പുതിയ വര്‍ദ്ധനവും അനുഗ്രഹമായി മാറും. ഏപ്രില്‍ മുതല്‍ പണപ്പെരുപ്പം അളക്കുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്- സിപിഐ മാറ്റമില്ലാതെ 8.7 ശതമാനത്തില്‍ നില്‍ക്കുകയാണ്.
ട്രാക്കര്‍, വേരിയബിള്‍ റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് പലിശ വര്‍ദ്ധനവിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. ഫിക്‌സഡ് റേറ്റിലുള്ളവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെങ്കിലും ഡീലുകള്‍ അവസാനിക്കുന്ന മുറയ്ക്ക് വര്‍ദ്ധനവുകള്‍ തേടിയെത്തും. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിലവില്‍ 6.19 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തേത് 5.82 ശതമാനത്തിലും ലഭിക്കുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions