യു കെയില്‍ പൊതുമേഖല ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനായുള്ള പണം കണ്ടെത്തുന്നതിനായി ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ വിസ ഫീസും ആരോഗ്യ സര്‍ചാര്‍ജും കുത്തനെ കൂട്ടും. മലയാളികളടക്കമുള്ള കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു വലിയ തിരിച്ചടിയാണിത്.
വിസ അപേക്ഷകര്‍ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍എച്ച്എസ്) നല്‍കുന്ന ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും രാജ്യത്തെ പൊതുമേഖലാ വേതന വര്‍ദ്ധനയ്‌ക്കായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി സുനക് പ്രഖ്യാപിച്ചിട്ടുണ്ട് . ഇത് യുകെയിലേക്ക് പഠനത്തിനും ജോലിക്കും ആയി പോകുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആശങ്കയുളവാക്കുന്നതാണ്.
പൊതുമേഖല ജീവനക്കാര്‍ക്ക് കൂടുതന്‍ ശമ്പളം നന്‍കുന്നതിന് തങ്ങള്‍ മുന്‍ഗണന നല്‍കുകയാണെങ്കില്‍, ആ പണം മറ്റെവിടെയെങ്കിലും നിന്ന് കണ്ടെത്തേണ്ടി വരുമെന്നും, ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താന്‍ താന്‍ തയ്യാറല്ലെന്നും, കൂടുതല്‍ കടമെടുക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ പണം കണ്ടെത്താനായുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള വിസ ഫീസ് വര്‍ദ്ധനവ് എന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ ശമ്പള വര്‍ദ്ധനവിനെ ചൊല്ലിയുള്ള നിരവധി സമരങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം ഉണ്ടാക്കുന്നത്.
അദ്ധ്യാപകര്‍, പോലീസ്, ജൂനിയര്‍ ഡോക്ടര്‍മാര്‍, മറ്റ് പൊതുമേഖലാ തൊഴിലാളികള്‍ എന്നിവരുടെ വേതനത്തിന്റെ സ്വതന്ത്ര പുനഃപരിശോധന കമ്മറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പൊതുമേഖലയില്‍ 5% മുതല്‍ 7% വരെ ശമ്പള വര്‍ദ്ധനവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള പണം കണ്ടെത്തുന്നതാണ് കുടിയേറ്റക്കാര്‍ക്ക് പാരയാകുന്നത്.