ജീവിത ചെലവ് വര്‍ധനമൂലം നട്ടം തിരിയുകയാണ് ബ്രിട്ടനിലെ സാധാരണക്കാര്‍. ഭക്ഷണവും താമസവും ബില്ലുകളും അടക്കം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ ഒരിടം വലിയ ആശ്വാസമായിരിക്കും. ബ്രിട്ടനില്‍ ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശമായി വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ചെറുപട്ടണത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഹൗസിംഗ് ഏജന്റ് സൂപ്ലയുടെ സമീപകാല സര്‍വേ പ്രകാരം ഡര്‍ഹാം കൗണ്ടിയിലെ ഷില്‍ഡണ്‍ എന്ന സ്ഥലത്തെയാണ് ഏറ്റവും ചെലവ് കുറച്ച് ജീവിക്കാന്‍ കഴിയുന്ന പ്രദേശമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഡര്‍ഹാമില്‍ നിന്ന് 13 മൈല്‍ മാത്രം അകലെയാണ് ഈ കൊച്ചു നഗരം സ്ഥിതിചെയ്യുന്നത്, മാത്രമല്ല, മിഡില്‍സ്ബറോയ്ക്ക് അടുത്താണ്. സമൃദ്ധമായ ഹരിത ഭംഗിയും നഗരപ്രദേശങ്ങളിലേക്ക് എളുപ്പത്തിലുള്ള എത്താന്‍ സാധിക്കുന്ന സ്ഥലം എന്നതൊക്കെയാണ് ഷിന്‍ഡണിന്റെ സവിശേഷത.
റൈറ്റ്മൂവ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഷില്‍ഡണിലെ പ്രോപ്പര്‍ട്ടികളുടെ ശരാശരി വില 83,345 പൗണ്ടായിരുന്നു. ഷില്‍ഡണിലെ മിക്ക വില്‍പ്പനകളും ടെറസ്ഡ് പ്രോപ്പര്‍ട്ടികളാണ്, അവ വിറ്റുപോകുന്ന ശരാശരി വില 62,277 പൗണ്ടുമാണ്. സെമി ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികള്‍ ശരാശരി 92,019 പൗണ്ടിനാണ് വിറ്റു പോകുന്നത്. ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികള്‍ 216,325 പൗണ്ടിനും. മൊത്തത്തില്‍, കഴിഞ്ഞ വര്‍ഷം ഷില്‍ഡണില്‍ വിറ്റ വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതു ശതമാനം കുറവാണ്. മാത്രമല്ല, 2018 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 97,355 പൗണ്ടില്‍ നിന്നും 14 ശതമാനവും കുറവുമാണ് ഇപ്പോഴുള്ളത്.
തിരക്കേറിയ തെരുവുകളും അവിടെയുള്ള സ്വതന്ത്ര ബിസിനസുകളും അവരുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകളുമെല്ലാം ഷിന്‍ഡണ്‍ നഗരത്തിലേക്ക് താമസക്കാരെ ആകര്‍ഷിക്കുന്നവയാണ്. ഇവിടെയുള്ള എല്ലാവരും വ്യത്യസ്ത ജീവിതങ്ങളും താല്‍പ്പര്യങ്ങളും ഉള്ളവരാണ്. തനിച്ചു കഴിയുന്നവര്‍ ഷിന്‍ഡണിലെ സൗഹൃദ വലയത്തിലേക്ക് എത്തുവാന്‍ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഷില്‍ഡണിലെ മിക്ക ഷോപ്പുകളും പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്.
എന്നാല്‍ യുവാക്കള്‍ക്കുള്ള വിനോദ പ്രവര്‍ത്തനങ്ങളുടെ അഭാവം നിമിത്തം ഷില്‍ഡണിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. നിരക്ക് ദേശീയ ശരാശരിയേക്കാള്‍ 49 ശതമാനം കൂടുതലാണ്, കഴിഞ്ഞ വര്‍ഷം 1,000 ആളുകളില്‍ 142 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികവും അക്രമപരവുമായ കുറ്റകൃത്യങ്ങളായിരുന്നു അതില്‍ ഏറ്റവും പ്രബലമായത്. അതേസമയം, 1984-ല്‍ വാഗണ്‍ വര്‍ക്കുകള്‍ അടച്ചുപൂട്ടിയതാണ് ഷിന്‍ഡണിലെ വീടുകളുടെ വില ഇടിവിന് കാരണമെന്ന് മൂന്ന് പതിറ്റാണ്ടായി നഗരവാസിയും മുന്‍ മേയറുമായ കൗണ്‍സിലര്‍ പീറ്റര്‍ ക്വിന്‍ പറയുന്നു. ഇതോടെ ഒറ്റരാത്രികൊണ്ട് 1,750 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായി. ഇത് റെയില്‍വേയെയും അനുബന്ധ ബിസിനസിനെയും ആശ്രയിച്ചു വളര്‍ന്ന നഗരത്തിന് വലിയ തിരിച്ചടിയായി മാറി.
സൂപ്ലയുടെ സര്‍വേ പ്രകാരം, ബ്രിട്ടനില്‍ വീട് വാങ്ങാന്‍ കഴിയുന്ന പട്ടണങ്ങളുടെ പട്ടികയില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് മുന്‍പന്തിയില്‍. ആദ്യ പത്ത് നഗരങ്ങളില്‍ റെന്‍ഫ്രൂഷയര്‍, അയര്‍ഷയര്‍, നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍ എന്നിവിടങ്ങളാണുള്ളത്.