കഴിഞ്ഞ ദിവസം അന്തരിച്ച കവന്‍ട്രിയിലെ കുര്യന്‍ തോമസി (59)നു കണ്ണീരോടെ വിട. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ കുര്യന്‍ കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹൃദയസ്‌തംഭനം മൂലം മരണമടഞ്ഞത്.
ഇതേ ആശുപതിയിലെ തന്നെ ജീവനക്കാരനായിരുന്ന കുര്യന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്. പരേതന്‍ മിഡ്‌ലാന്‍ഡ്സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. പൊതുദര്‍ശനവും സംസ്കാരവും പിന്നീട്.
പുതുവര്‍ഷ ആഘോഷത്തിനിടെയുണ്ടായ ഈ ആകസ്മിക വിയോഗം യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കവന്‍ട്രി മലയാളികള്‍ സ്നേഹത്തോടെ അദ്ദേഹത്തെ സാമച്ചായന്‍ എന്നാണ് വിളിച്ചിരുന്നത്.
സാമിന്റെ അമ്മയ്ക്കും പ്രിയ ജനങ്ങള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യ അന്നമ്മയും കുടുംബ സുഹൃത്തുക്കളും. തന്റെ അന്ത്യനിദ്ര ജന്മ നാട്ടില്‍ ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെയും ആഗ്രഹമായിരുന്നു. ഏറെക്കാലം തങ്ങള്‍ക്കൊപ്പം ജീവിച്ചു ഒടുവില്‍ ഒരു ഹീറോ ആയി മരണത്തിലേക്ക് നീങ്ങിയ സാമിന് ആദരവോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കവന്‍ട്രി മലയാളികള്‍. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്ത ശേഷം ഇത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ആകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.