ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ പണിമുടക്ക് പുനരാരംഭിച്ചതോടെ റദ്ദാക്കപ്പെട്ട അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുടെയും എണ്ണം ഒരു മില്ല്യണ്‍ കടക്കുമെന്ന് കണക്കുകള്‍. ആറ് ദിവസത്തെ പണിമുടക്കാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇത് കൂടി ചേരുന്നതോടെ സമരങ്ങളുടെ എണ്ണം 28 ദിവസമാകുകയും, റദ്ദാക്കലുകളുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇതിനകം 970,000 റദ്ദാക്കലുകളാണ് സംഭവിച്ചിട്ടുള്ളത്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്ക് നടക്കുന്നതോടെ 100,000 അപ്പോയിന്റ്‌മെന്റും, ഓപ്പറേഷനും റദ്ദാകുമെന്ന് ഉറപ്പായി. ഏറ്റവും ഉയര്‍ന്ന ശമ്പളവര്‍ദ്ധനവ് നല്‍കിയിട്ടും ചര്‍ച്ചകളെ അട്ടിമറിക്കുന്നത് ഡോക്ടര്‍മാരുടെ യൂണിയന്‍ ആണെന്ന് സമരം നടത്തുന്നവരോട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിലപാടിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സണ്‍ രംഗത്ത് വന്നു. സമരം നിര്‍ത്തിയാല്‍ 20 മിനിറ്റിനകം ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ബിഎംഎ ആവശ്യപ്പെടുന്ന 35 ശതമാനം ശമ്പള വര്‍ദ്ധനയ്ക്ക് അരികിലൊന്നും ഓഫര്‍ ചെയ്യാനില്ലെന്ന് ആറ്റ്കിന്‍സ് കൂട്ടിച്ചേര്‍ത്തു.
'ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. ചര്‍ച്ചകളില്‍ നിന്നും ആളുകള്‍ ഇറങ്ങിപ്പോകുകയും, സമരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഇത് സാധിക്കില്ല. സമരങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകളില്‍ മടങ്ങിയെത്തണം', വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. നഴ്‌സുമാരും, ആംബുലന്‍സ് ജോലിക്കാരും, കണ്‍സള്‍ട്ടന്റുമാരും സമരം നിര്‍ത്താന്‍ തയ്യാറായെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിടിവാശിയിലാണ്.