പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിരക്കുകള്‍ വെട്ടിച്ചുരുക്കി ലെന്‍ഡര്‍മാര്‍. ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ കാലാവധി അവസാനിക്കാന്‍ ഇരിക്കുന്ന ബ്രിട്ടനിലെ ഭവനഉടമകള്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ലാഭം കിട്ടുന്ന വില യുദ്ധത്തിനാണ് ലെന്‍ഡര്‍മാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
റീമോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 0.83 ശതമാനം പോയിന്റ് നിരക്ക് വെട്ടിക്കുറച്ച് ഹാലിഫാക്‌സാണ് ആദ്യമായി പോരാട്ടം കുറിച്ചത്. വര്‍ഷത്തിലെ ആദ്യ പ്രവൃത്തിദിനം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു നടപടി. യുകെയിലെ ഏറ്റവും വലിയ ലെന്‍ഡറുടെ ഭാഗത്ത് നിന്നുള്ള രണ്ട് വര്‍ഷം, അഞ്ച് വര്‍ഷം, പത്ത് വര്‍ഷം ഫിക്‌സഡ് റേറ്റ് ഡീലുകളെയാണ് ഇത് ബാധിക്കുക. ഇതുവഴി 300,000 പൗണ്ട് ലോണും, 25 വര്‍ഷം തിരിച്ചടവും ബാക്കിയുള്ള ഒരാള്‍ക്ക് പ്രതിമാസം 145 പൗണ്ട് വരെ കുറവ് ലഭിക്കും. കൂടാതെ വീട്ടില്‍ 40% അവകാശവും കിട്ടും.
കൂടാതെ നിലവിലെ ഉപഭോക്താക്കള്‍ റീഫിനാന്‍സ് ചെയ്താല്‍ 0.92 ശതമാനം പോയിന്റ് കുറവില്‍ ഡീല്‍ ലഭിക്കും. ഹാലിഫാക്‌സിന്റെ ഈ നീക്കം ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിയ്ക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ശരാശരി രണ്ട് വര്‍ഷത്തെ ഡീല്‍ ഇപ്പോള്‍ 5.92 ശതമാനത്തിലും, അഞ്ച് വര്‍ഷത്തേക്ക് 5.53 ശതമാനത്തിലുമാണ് ഫിക്‌സഡായി ലഭിക്കുന്നത്.
ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി & ജനറേഷന്‍ ഹോമും ഇന്നലെ നിരക്ക് കുറച്ച് പ്രഖ്യാപനം നടത്തി. 1 മുതല്‍ 0.67 ശതമാനം പോയിന്റ് വരെയാണ് ഈ കുറവ്. ഈ വര്‍ഷം പലിശ നിരക്കുകള്‍ താഴുമെന്ന പ്രതീക്ഷ ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. 2024-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആറ് തവണയെങ്കിലും നിരക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. അടുത്ത ക്രിസ്മസിന് നിരക്കുകള്‍ 3.75 ശതമാനം വരെ താഴുമെന്നാണ് പ്രവചനങ്ങള്‍.