സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സഹായിക്കാന്‍ തയ്യാറാകാതെ വരുന്നതിനാല്‍ രോഗികള്‍ക്ക് നേരിടുന്ന അപകടങ്ങളുടെ കണക്കെടുക്കാന്‍ എന്‍എച്ച്എസ്. ആറ് ദിവസത്തെ പണിമുടക്ക് ആഴ്ചകളും, മാസങ്ങളും നീളുന്ന പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കപ്പെടുമെന്നാണ് കരുതുന്നത്.
സമര പ്രോട്ടോകോള്‍ പ്രകാരം ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ക്ക് രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തി ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യങ്ങളില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് ഡോക്ടര്‍മാരെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടാം. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ഒന്നൊഴികെ മറ്റെല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞു. സമരം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യൂണിയന്‍ വാദം.
ഈ സാഹചര്യത്തിലാണ് എന്‍എച്ച്എസ് മേധാവികള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിക്ക് എത്താത്തത് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. സഹായം നല്‍കാന്‍ വിസമ്മതിക്കുന്ന കേസുകളില്‍ ഇതിന്റെ പ്രത്യാഘാതം പരിശോധിക്കാനാണ് ഹെല്‍ത്ത് അധികൃതരുടെ നീക്കം. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ്, ഫ്‌ളൂ ബാധിച്ച് അഡ്മിഷന്‍ എടുത്തവരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ 31 വരെയുള്ള ആഴ്ചയില്‍ 4000-ഓളം കോവിഡ് രോഗികളാണ് ബെഡുകളില്‍ എത്തിയതെന്ന് എന്‍എച്ച്എസ് ഡാറ്റ പറയുന്നു. ഡിസംബര്‍ ആദ്യത്തെ കണക്കുകളുടെ മൂന്നില്‍ രണ്ടാണ് വളര്‍ച്ച. കൂടാതെ 1000 ഫ്‌ളൂ രോഗികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 14 ദിവസം കൊണ്ട് ആയിരത്തിലേറെ രോഗികളാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്.