കുട്ടിപ്പീഡകനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ കോടതി പുറത്തുവിട്ടത് ആന്‍ഡ്രൂ രാജകുമാരന് വലിയ തിരിച്ചടിയായിരിക്കെ നാണക്കേടായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജെഫ്രി എപ്സ്റ്റീന്റെ ഫ്‌ളോറിഡ വസതിയില്‍ താമസിക്കാനെത്തിയ യോര്‍ക്ക് ഡ്യൂക്കിന് ദിവസേന മസാജിംഗ് നല്‍കിയിരുന്നുവെന്നാണ് മുന്‍ ഹൗസ്‌കീപ്പര്‍ കോടതി രേഖകളില്‍ പറയുന്നത്.
എപ്സ്റ്റീന്റെ വീട്ടില്‍ ആഴ്ചകളോളം ആന്‍ഡ്രൂ താമസിച്ചു. ഇതിന് പുറമെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും ഈ സമയത്ത് സന്ദര്‍ശനത്തിന് എത്തിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എപ്സ്റ്റീന്റെ പാം ബീച്ച് റസിഡന്‍സില്‍ ജോലി ചെയ്തിരുന്ന ജുവാന്‍ അലെസിയാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് കോടതിയില്‍ സ്ഥിരീകരണം നല്‍കിയത്.
എപ്സ്റ്റീന്‍ വസതിയില്‍ ആന്‍ഡ്രൂവിന് ദിവസേന മസാജ് ലഭിച്ചിരുന്നതായി ജോലിക്കാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നിരുന്നാലും സാറാ ഫെര്‍ഗൂസണ്‍ വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഇവിടെ തങ്ങിയത്. എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ നാണക്കേടിലായതോടെ പൊതുജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആന്‍ഡ്രൂവിന് ഇര വിര്‍ജിനിയ ജിഫ്രെയുമായി കേസ് ഒത്തുതീര്‍ക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടും ചെലവാക്കേണ്ടി വന്നിരുന്നു.
17-ാം വയസ്സില്‍ മനുഷ്യക്കടത്തിന് വിധേയമായ തന്നെ ആന്‍ഡ്രൂ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് ജിഫ്രെ കേസ് നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചെങ്കിലും ഡ്യൂക്ക് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ അലെസി ആന്‍ഡ്രൂ രാജകുമാരന്‍ ആഴ്ചകളോളം ഇവിടെ താമസിച്ചതായി വീഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.