യാതൊരു ജോലിക്കും പോകാത്ത ലക്ഷക്കണക്കിന് ആളുകളെ സൃഷ്ടിക്കുന്ന രാജ്യത്തിന്റെ ബെനഫിറ്റ് സിസ്റ്റം പൊളിക്കാന്‍ പ്രധാനമന്ത്രി റിഷി സുനാക്. വെല്‍ഫെയര്‍ സിസ്റ്റത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഈ ബെനഫിറ്റുകള്‍ വെട്ടിക്കുറച്ച് പകരം പണിയെടുക്കുന്ന ജനത്തിന് നികുതി വെട്ടിക്കുറച്ച് നല്‍കാന്‍ ഉപയോഗിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റില്‍ ഗുണകരമായ തോതില്‍ തന്നെ നികുതി കുറയ്ക്കല്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളും, പബ്ലിക് ചെലവഴിക്കലില്‍ അച്ചടക്കവും ഉറപ്പുനല്‍കിയ പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നികുതി കുറച്ച് സമ്മാനം നല്‍കുമെന്നും വ്യക്തമാക്കി. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. മാര്‍ച്ച് 6-ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതി ഭാരം കുറയ്ക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും.
നവംബറിലെ ഓട്ടം ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സിലെ 2 പെന്‍സ് വെട്ടിക്കുറയ്ക്കല്‍ ഈയാഴ്ച നിലവില്‍ വന്നിരുന്നു. എന്നിരുന്നാലും ഇന്‍കംടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതിനാല്‍ വര്‍ദ്ധിച്ച നികുതി ബില്ലുകളാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത് ടോറി എംപിമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ കാര്യത്തില്‍ ഒരു മാറ്റം ഉണ്ടാകുമെന്നാണ് സുനാകിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.