കാറ്റും പേമാരിയും മൂലം രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കവും, വെള്ളക്കെട്ടുമാണ്. അതിനു പിന്നാലെ ഇനി ഇനി മഞ്ഞുവീഴ്ചയുടെ കഠിന നാളുകള്‍ ആണ് എത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കുള്ള സാധ്യതയാണ് മെറ്റ് ഓഫീസ് നല്‍കുന്നത്. താപനില പൂജ്യത്തിന് താഴേക്ക് പോകാനും, ജീവന് അപകടം നേരിടാനുമുള്ള സാധ്യതകളാണ് ഇതോടൊപ്പം കാണുന്നത്. ആംബര്‍ തണുപ്പ് ആരോഗ്യ അലേര്‍ട്ടാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പൂജ്യത്തിന് താഴേക്ക് താപനില കുറയുന്നതോടെ മരണങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹെല്‍ത്ത്, ആംബുലന്‍സ് സേവനങ്ങള്‍ സമ്മര്‍ദത്തിന് വഴിമാറുകയും ചെയ്യും. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. സതേണ്‍ ഇംഗ്ലണ്ടില്‍ രാവിലെ ഉറക്കമേഴുന്നേല്‍ക്കുമ്പോള്‍ മഞ്ഞുകണങ്ങള്‍ വീഴുന്ന കാഴ്ചയും ദൃശ്യമാകും.
സ്‌കാന്‍ഡിനേവിയയില്‍ നിന്നും സൗത്ത് വെസ്റ്റ് ഭാഗത്തേക്ക് നീങ്ങുന്ന ഫ്രീസിംഗ് കാറ്റാണ് തണുപ്പ് സമ്മാനിക്കുന്നത്. താപനില -4 സെല്‍ഷ്യസിലേക്ക് നീക്കാന്‍ ഇത് കാരണമായി മാറുന്നത്. തിങ്കളാഴ്ച ലണ്ടനില്‍ ഉടനീളം ഐസിനുള്ള മഞ്ഞ മുന്നറയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റ് മേഖലയില്‍ രാവിലെ 4 മുതല്‍ 10 വരെയും മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.
ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളിലെ ഐസ്, മഞ്ഞ് മുന്നറിയിപ്പുകള്‍ റോഡ്, ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുന്നതാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ആംബര്‍ തണുപ്പ് ആരോഗ്യ അലേര്‍ട്ട് വെള്ളിയാഴ്ച ഉച്ച വരെ നീളും.