പുതിയ പുതിയ കോവിഡ് വേരിയന്റുകള്‍ സജീവമായി ഉണ്ടെങ്കിലും ആളുകള്‍ അത്ര ആശങ്കാകുലരല്ല. എന്നിരുന്നാലും പലപ്പോഴായി വൈറസ് വ്യാപനം ആശുപത്രികളില്‍ പ്രതിസന്ധിയായി മാറുന്നുണ്ട്. ഇപ്പോള്‍ ആശങ്ക കൂട്ടി പുതിയ കൊവിഡ് വേരിയന്റ് 'ജൂണോ' ബ്രിട്ടനില്‍ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
ഡിസംബര്‍ മധ്യത്തോടെ ലണ്ടനില്‍ 16-ല്‍ ഒരാള്‍ വീതമാണ് രോഗബാധിതരായത്. ക്രിസ്മസിനുള്ള ഒരുക്കത്തില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച മേഖലയും ഇതായിരുന്നു. വൈറസ് നിരക്കുകള്‍ രണ്ടാഴ്ച കൊണ്ട് ദേശീയ തലത്തിലും വ്യാപകമായി. ഇതിന് കാരണമായതാകട്ടെ 'ജൂണോ' എന്നുപേരുള്ള വേരിയന്റും.
തിരക്കേറിയ ആഘോഷ സീസണില്‍ ജനങ്ങള്‍ സാമൂഹ്യമായി ഒരുമിക്കുന്ന സമയത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു. ജനുവരി മാസം തണുത്തുറയാന്‍ തുടങ്ങിയതോടെയാണ് ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ കുതിച്ചുയരാനുള്ള സാധ്യത വൈറോളജിസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത്. ലണ്ടനില്‍ മഞ്ഞുവീഴ്ച ഏറിയതും, സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതുമെല്ലാം ഈ സ്ഥിതി വഷളാക്കുമെന്നാണ് കരുതുന്നത്.
കൊവിഡ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് നിരീക്ഷണ സംവിധാനങ്ങളിലെ കാലതാമസം മൂലം ഇപ്പോഴും വ്യക്തമല്ല. ഡിസംബര്‍ 13 വരെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 4.3 ശതമാനം ആളുകള്‍ രോഗബാധിതരാണെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.