യുകെയില്‍ ഓണ്‍ലൈന്‍ നീലച്ചിത്രങ്ങള്‍ കുട്ടികളെ ലൈംഗിക ചൂഷകരുടെ സ്വഭാവത്തിലേക്ക് മാറ്റുന്നു. കഴിഞ്ഞ വര്‍ഷം പത്ത് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ നടത്തിയ ബലാത്സംഗങ്ങളുടെ എണ്ണം 6800 ആണെന്ന കണക്കുകളാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്.
കുട്ടികള്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളിലെ പകുതിയോളവും ഏറ്റവും പ്രായം കുറഞ്ഞവരാണ് ചെയ്തുകൂട്ടുന്നതെന്നും സുപ്രധാന പഠനം വ്യക്തമാക്കുന്നു. കൗമാരക്കാര്‍ ചെയ്യുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
2022-ല്‍ 6813 ബലാത്സംഗങ്ങളാണ് നടന്നതെങ്കില്‍ 8020 ലൈംഗിക അതിക്രമങ്ങളും, ചെറിയ കുട്ടികളുടെ നഗ്നതയുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പങ്കുവെച്ച 15,534 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഫോണുകളില്‍ ക്രൂരമായ നീലച്ചിത്രങ്ങള്‍ വര്‍ഷങ്ങളോളം പതിവായി വീക്ഷിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വെറും സാധാരണമായി മാറുകയാണെന്ന് നാഷണല്‍ പോലീസ് മേധാവിയും മുന്നറിയിപ്പ് നല്‍കി.
2022-ല്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 42 പോലീസ് സേനകള്‍ക്ക് മുന്നിലെത്തിയ 106,984 കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ 52 ശതമാനവും ഒപ്പമുള്ള കുട്ടികള്‍ തന്നെയാണ് പ്രതികളായത്. ഇത് ആശങ്കപ്പെടുത്തുന്ന ട്രെന്‍ഡ് തന്നെയാണെന്ന് ഓഫീസര്‍മാരും സമ്മതിക്കുന്നു. 2013-ലെ കണക്കുകളില്‍ നിന്നും കുട്ടികള്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ 400 ശതമാനം വര്‍ദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്.