ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് വീണ്ടും താഴുമെന്നും പ്രതീക്ഷിക്കുന്നു. 2013 ആഗസ്റ്റിന് ആദ്യമായി ബിസിനസ്സ് നേതാക്കള്‍ക്കിടയില്‍ പുതിയ ജോലിക്കാരെ എടുക്കാനുള്ള ഉദ്ദേശങ്ങള്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
ഈ വര്‍ഷം തൊഴിലില്ലായ്മ വളരുകയും, ജോബ് വേക്കന്‍സികളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ നടത്തിയ അനാലിസിസ് പറയുന്നു. എന്നിരുന്നാലും 2024 കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് മേധാവികള്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു.
ക്രിസ്മസ് സീസണില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചത് ശുഭകരമായാണ് ബിസിനസ്സുകള്‍ കണക്കാക്കുന്നത്. കൂടാതെ പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയും സജീവമാണ്. എന്നിരുന്നാലും തുടര്‍ന്നും കടമെടുപ്പ് ചെലവുകളും, പണപ്പെരുപ്പവും ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍ തുടരുമെന്ന് ബിഡിഒ പ്രവചിക്കുന്നു.
തുടര്‍ച്ചയായ ആറ് മാസങ്ങളായി ജോലിക്കാരെ എടുക്കാനുള്ള ഉദ്ദേശത്തില്‍ കുറവ് വന്നതായി ബിഡിഒയുടെ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് പറയുന്നു. അതേസമയം, തുടര്‍ച്ചയായ രണ്ടാം മാസവും ഉത്പാദനം മെച്ചപ്പെട്ടതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സേവന മേഖലയാണ് ഈ വര്‍ദ്ധനവിലേക്ക് നയിക്കുന്നത്. ചെറുതെങ്കിലും ശുഭാപ്തി വിശ്വാസം പകരുന്ന ഈ കണക്കുകള്‍ ബിസിനസ്സുകള്‍ക്ക് സുപ്രധാനമാണ്.