ഏഴര മില്യണ്‍ വരുന്ന വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ ഒരു ഭാഗത്ത് സമരം നടത്തുന്നത് എന്‍എച്ച്എസിനു വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എത്രത്തോളം പ്രത്യാഘാതം സൃഷ്ടിച്ചെന്ന കാര്യം ഇനിയും വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിലാണ് വിരമിച്ച ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ബാക്ക്-ടു-വര്‍ക്ക് സ്‌കീം നടപ്പാക്കുന്നത്.
ഫ്‌ളെക്‌സിബിള്‍ ജോലി സമയവും, റിമോട്ട് വര്‍ക്കിംഗും ഉള്‍പ്പെടെ അനുവദിച്ച് കണ്‍സള്‍ട്ടന്റുമാരെ ആകര്‍ഷിക്കാമെന്നാണ് മേധാവികളുടെ പ്രതീക്ഷ. എന്‍എച്ച്എസ് എമെറിറ്റസ് പൈലറ്റ് സ്‌കീം ഇംഗ്ലണ്ടില്‍ ഉടനീളം ഒരു വര്‍ഷത്തേക്ക് ഇലക്ടീവ് കെയറിലെ കാത്തിരിപ്പ് കുറയ്ക്കാനാണ് നടപ്പാക്കുക. എന്നാല്‍ വിജയകരമാകുന്ന മുറയ്ക്ക് മറ്റ് പരിചരണങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
വിരമിച്ചെങ്കിലും തങ്ങളുടെ പദവികള്‍ നിലനിര്‍ത്തുന്ന എമെറിറ്റസ് കണ്‍സള്‍ട്ടന്റുമാര്‍ അടുത്ത മാസം മുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാന്‍ തുടങ്ങും. ഓരോ വര്‍ഷവും ഏകദേശം 1000 കണ്‍സള്‍ട്ടന്റുമാര്‍ എന്‍എച്ച്എസില്‍ നിന്നും വിരമിക്കുന്നുണ്ട്. യോഗ്യരായ ഡോക്ടര്‍മാരെ ആശുപത്രികളുമായി ബന്ധിപ്പിക്കാന്‍ ഒരു വെബ്‌സൈറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്. ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകള്‍, സ്‌പെഷ്യലിസ്റ്റ് അഡൈ്വസ് റിക്വസ്റ്റ്, എഡ്യുക്കേഷന്‍-ട്രെയിനിംഗ് സപ്പോര്‍ട്ട് എന്നിവ ട്രസ്റ്റുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യുകയും, താല്‍പര്യമുള്ള കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക.
രോഗികളുമായി നേരിട്ടോ, റിമോട്ടോ ആയാകും അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുക. പ്രത്യേക സ്‌പെഷ്യാലിറ്റികളില്‍ വര്‍ക്ക്‌ഫോഴ്‌സ് ക്ഷാമം നേരിടുന്ന മേഖലകളിലെ ഹോസ്പിറ്റലുകളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും. നവംബറിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.6 മില്ല്യണിലാണ്.